പരിസ്ഥിതി സൗഹൃദ ജനറേറ്ററുമായി സേവ

ഷാര്‍ജ: അറ്റകുറ്റ ജോലികള്‍ക്കും മറ്റുമായി വൈദ്യുത ബന്ധം വിച്ഛേദിക്കുമ്പോള്‍ ഉപഭോക്താവ് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് തരണം ചെയ്യാന്‍ ഷാര്‍ജ ജല-വൈദ്യുത വിഭാഗം (സേവ) രംഗത്ത്. പരിസ്ഥിതിക്ക് ഒട്ടും കോട്ടം തട്ടാത്ത ഏഴ് ജനറേറ്ററുകളാണ് ഇതിനായി രംഗത്തത്തെിച്ചതെന്ന് സേവ ചെയര്‍മാന്‍ ഡോ. റാഷിദ് ആല്‍ ലീം പറഞ്ഞു. 
വേനല്‍ക്കാലമായതോടെ പലമേഖലകളിലും ഊര്‍ജ നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടങ്ങളില്‍ മണിക്കൂറുകളോളം ചിലപ്പോള്‍ വൈദ്യുതി തടസപ്പെടുന്നത് സ്വഭാവികമാണ്. എന്നാല്‍ ഈ പ്രശ്നം പൂര്‍ണമായി പരിഹരിക്കുവാനാണ് ജനറേറ്ററുകള്‍. ഇതാകട്ടെ പ്രകൃതിക്ക് ഒട്ടും കോട്ടം തട്ടിക്കാത്തവയുമാണ്. 
1500 കിലോവാട്ട് ശേഷിയുള്ളവ മുതല്‍ 250 കിലോവാട്ട് വരെ ശേഷിയുള്ളതാണ് ജനറേറ്റര്‍. ഇതിലൊന്ന് കിഴക്കന്‍ മേഖലയിലാണ് പ്രവര്‍ത്തിക്കുകയെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഷാര്‍ജയിലെ വൈദ്യുത വിതരണ ശൃംഖലയും വിതരണവും സുഗമമാക്കാന്‍ പുതിയ ഉത്പാദന പ്ലാൻറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം എമിറേറ്റിലെ എല്ലാ വൈദ്യുതി നെറ്റ്വര്‍ക്കുകളും തുടര്‍ച്ചയായി നിലനിര്‍ത്താനുള്ള ശ്രമം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ ഇലക്ട്രിക് ലൈനുകള്‍, കണക്ഷനുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയുടെ സംരക്ഷണം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ രണ്ട് മാസങ്ങളില്‍ പലപ്പോഴായി കേടുപാടുകള്‍ സംഭവിച്ചിരുന്ന പല പഴയ കേബിളുകളും അനുബന്ധ ഉപകരണങ്ങളും മാറ്റി. 
വൈദ്യുത വിതരണ മേഖല ആധുനിക വത്ക്കരിക്കുന്നതിന്‍െറ ഭാഗമായി ലൈനുകള്‍ ഭൂമിക്കടിയിലേക്ക് മാറ്റി സ്ഥാപിച്ചു- അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:    
News Summary - seva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.