ഷാര്‍ജ: എട്ട് വര്‍ഷമായി നിയമ കുരുക്കില്‍പ്പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതെ നരക യാതന അനുഭവിക്കുന്ന പാലക്കാട് സ്വദേശി എ.എസ്. ശങ്കരനാരായണ ശർമക്ക് (61) നാടണയാന്‍ വഴിയൊരുങ്ങി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബാങ്ക് അവരുടെ സക്കാത്ത് ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം 35 ലക്ഷം രൂപ) നല്‍കി സഹായിക്കാമെന്നേറ്റതോടെയാണ് ശർമയുടെ കണ്ണീര്‍ തോരുന്നത്.
2009ല്‍ തൊഴിലുടമക്ക് ചെയ്ത സഹായമാണ് ശർമയെ നിയമ കുരുക്കില്‍പ്പെടുത്തിയത്. ശർമ സുപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന കമ്പനിയിലെ ബംഗ്ലാദേശ് സ്വദേശി ശുചിമുറിയില്‍ വെച്ച് വൈദ്യുതാഘാതേമറ്റ് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കമ്പനി ഉടമക്കെതിരെ കേസുണ്ടായി. എന്നാല്‍ കമ്പനി ഉടമക്ക് ഇടക്കിടെ വിദേശത്തേക്ക് പോകാനുള്ളത് കാരണം ശർമയുടെ പാസ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 2010ല്‍ മരിച്ചയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം ദിയാധനം നല്‍കാന്‍ ശർമയോട് കോടതി കല്‍പ്പിച്ചു. വിധിയറിഞ്ഞ കമ്പനി ഉടമ അപ്പീല്‍ ബോധിപ്പിക്കാമെന്നും, അല്ലങ്കില്‍ തുക കമ്പനി തന്നെ കൊടുക്കാമെന്നും പറഞ്ഞ് ശര്‍മ്മയെ ആശ്വസിപ്പിച്ചു.
എന്നാല്‍ 2013ല്‍ ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞതോടെ സംഗതിയാകെ തകിടം മറിഞ്ഞു. കമ്പനി ഏറ്റെടുത്ത ഉടമയുടെ മകന്‍ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞ് മാറി. രണ്ട് ലക്ഷം ദിര്‍ഹം പോയിട്ട് രണ്ട് ലക്ഷം രൂപ പോലും കൈയിലില്ലാത്ത ശർമ സങ്കടത്തോടെ കൂട്ടുകാരുടെ മുറിയില്‍ കഴിയുകയായിരുന്നു.
എട്ടുവർഷത്തിനിടയിൽ ശങ്കരനാരായണെൻറ രണ്ടു സഹോദരിമാരും സഹോദരി ഭർത്താക്കന്മാരും മരിച്ചിട്ടും പാസ്പോർട്ട് കോടതിയിലായതിനാൽ പോകാനായില്ല. മുമ്പ് കേസ് നടത്തിയിരുന്ന വക്കീല്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ കഴിയാത്തത് കാരണം കേസ് ഒഴിവാക്കിയിരുന്നു. തുടർന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി സഹായത്തിനെത്തി. ശങ്കരനാരായണെൻറ ദുരവസ്ഥ അറിഞ്ഞ ദുബൈ ആസ്ഥാനമായുള്ള സ്വകാര്യ ബാങ്ക് തങ്ങളുടെ സക്കാത്ത് ഫണ്ടിൽ നിന്ന് രണ്ടു ലക്ഷം ദിർഹം നൽകാൻ തയാറായി.
ദുബൈ അല്‍ അവീര്‍ എമിഗ്രേഷന്‍ വകുപ്പില്‍ ശർമക്ക് എത്രയും വേഗം നാട്ടിലെത്താൻ അനുമതി ആവശ്യപ്പെട്ടും ആറു വര്‍ഷത്തെ പിഴ ഒഴിവാക്കി തരുവാന്‍ ആവശ്യപ്പെട്ടും മാപ്പ് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. ഇതിൽ അനുമതി ലഭിച്ചാൽ ശർമക്ക് ഉടനെ നാട്ടിലത്തൊമെന്ന് സലാം പറഞ്ഞു. വൃദ്ധ മാതാവും ഭാര്യയും മകളുമടങ്ങുന്നതാണ് ശര്‍മയുടെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.