അൽ മിസ്ഹാർ 4ലെ വികസന ജോലികൾ പൂർത്തിയാക്കി ആർ.ടി.എ
ദുബൈ: ദുബൈയിലെ അൽ മിസ്ഹാർ 4-ൽ ട്യൂണിസ് സ്ട്രീറ്റിൽ നിന്ന് അമ്മാൻ സ്ട്രീറ്റിലേക്കുള്ള പാതയിലെ ഗതാഗത വികസന ജോലികൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) വിജയകരമായി പൂർത്തിയാക്കി. ഒരു കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡിൽ നിലവിലുണ്ടായിരുന്ന രണ്ട് വരികൾക്ക് പുറമെ മൂന്നാമതൊരു ലെയ്ൻ കൂടി പുതുതായി കൂട്ടിച്ചേർത്തു. ഇതോടെ ഈ പാതയിലെ വാഹനശേഷി 50 ശതമാനം വർധിക്കുച്ചു. യാത്രാസമയം 25 ശതമാനം കുറയുകയും ചെയ്തു.
ദുബൈയിലെ ജനസംഖ്യാ-നഗര വളർച്ചക്ക് അനുസൃതമായി റോഡ് ശൃംഖലകൾ നവീകരിക്കുന്നതിനായി ആർ.ടി.എ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് വികസന ജോലികൾ പൂർത്തിയാക്കിയത്. ട്യൂണിസ് സ്ട്രീറ്റിൽ നിന്ന് അമ്മാൻ സ്ട്രീറ്റിലേക്ക് യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർക്കും, അൽ മിസ്ഹാർ, മുഹൈസ്ന തുടങ്ങിയ സമീപ റെസിഡൻഷ്യൽ മേഖലകളിലെ താമസക്കാർക്കും ഈ വികസനം വലിയ യാത്രാസൗകര്യം പ്രദാനം ചെയ്യും.
അതേസമയം, പ്രധാന പാതകളിലെ തിരക്ക് ഒഴിവാക്കാൻ ആളുകൾ റെസിഡൻഷ്യൽ ഏരിയകളിലെ ചെറിയ റോഡുകൾ ഷോർട്ട്കട്ടുകളായി ഉപയോഗിക്കുന്നത് തടയാനുള്ള പ്രത്യേക പദ്ധതിയും ആർ.ടി.എ പരിശോധിച്ചു വരികയാണ്. ഈ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്ന പ്രദേശങ്ങളിൽ അൽ മിസ്ഹാർ 4-ഉം ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.