വാഹനത്തിന്‍റെ ടയറിനുള്ളിൽ ഒളിപ്പിച്ച്​ കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം പിടികൂടി

ദുബൈ: യു.എ.ഇയിലെ കരയോര അതിർത്തി വഴി 16.2 കിലോഗ്രാം ലഹരിമരുന്ന്​ കടത്താനുള്ള ശ്രമം യു.എ.ഇ കസ്റ്റംസ് വിജയകരമായി തടഞ്ഞു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐ.സി.പി) പോർട്​സ്​ സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റാണ് ക്രിസ്റ്റൽ മെത്താംഫെറ്റമൈൻ പിടികൂടിയത്.

രാജ്യത്തേക്ക് പ്രവേശിക്കുകയായിരുന്ന വാഹനം അത്യാധുനിക സ്കാനിങ്​ സംവിധാനത്തിലൂടെ കടന്നുപോയപ്പോൾ അസ്വാഭാവിക സൂചനകൾ ലഭിച്ചതാണ് കേസിന് വഴിത്തിരിവായത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വാഹനത്തിന്‍റെ ടയറിനുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ള കസ്റ്റംസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡിപാർട്​മെന്‍റിലെ കെ 9 ഡോഗ് സ്‌ക്വാഡിന്‍റെ സഹായത്തോടെയായിരുന്നു തിരച്ചിൽ.

ഈ വർഷം ആരംഭിച്ചത് മുതൽ പോർട്​സ്​ സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് ഇതുവരെ ആകെ 765 മയക്കുമരുന്ന് വേട്ടകൾ നടത്തിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളും അതിർത്തികളും വഴിയുള്ള വിവിധ കടത്തൽ ശ്രമങ്ങളിൽ നിന്നായി ഏകദേശം 390 കിലോഗ്രാം ലഹരിമരുന്നും 50,000 മയക്കുമരുന്ന് ഗുളികകളും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.

കസ്റ്റംസ് ഇൻസ്‌പെക്ടർമാരുടെ ജാഗ്രതയെയും കൃത്യനിഷ്ഠതയെയും ഐ.സി.പി പ്രശംസിച്ചു. ലഹരിമരുന്നിന്‍റെ അപകടങ്ങളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും യു.എ.ഇയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി പരിശോധന സംവിധാനങ്ങളും സാങ്കേതികവിദ്യകളും കൂടുതൽ ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - A large stash of narcotics was seized after an attempt to smuggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.