ആസ്വാദ്യമായി ഇത്തിഹാദെത്തി; ഇനി സുഖയാത്രയുടെ ട്രാക്കിൽ ദുബൈ
ദുബൈ: യു.എ.ഇയുടെ ഗതാഗത ചരിത്രത്തിൽ തിളങ്ങുന്ന അധ്യായം കുറിച്ച് ഇത്തിഹാദ് റെയിലിന്‍റെ ദുബൈ- അബൂദബി പാസഞ്ചർ ട്രെയിൻ സർവീസിന് ബുധനാഴ്ച തുടക്കമായി. രാവിലെ 6.14നാണ് ദുബൈയിൽ നിന്നുള്ള ആദ്യ ട്രെയിൻ അബൂദബിയിലേക്ക് യാത്ര തിരിച്ചത്. ചരിത്രപരമായ ആദ്യയാത്രയിൽ പങ്കാളികളാകാൻ നിരവധി യാത്രക്കാരാണ് ആവേശത്തോടെ എത്തിച്ചേർന്നത്.
ദുബൈയിലെ അൽ യലായിസ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ആദ്യ ട്രെയിൻ അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ വിജയകരമായി എത്തിച്ചേർന്നു. തുടർന്ന് രാവിലെ 7.43ന് അബൂദാബിയിൽ നിന്ന് തിരിച്ച് പുറപ്പെട്ട ട്രെയിൻ 8.47ന് അൽ യലായിസിൽ മടങ്ങിയെത്തി. കന്നി യാത്രക്കാരിൽ ഭൂരിഭാഗം പേരും തിരിച്ച് ദുബൈയിലേക്കുള്ള യാത്രയിലും ട്രെയിനിലുണ്ടായിരുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ഒരു മണിക്കൂർ നാലു മിനിറ്റ് സമയം കൊണ്ടാണ് മടക്കയാത്ര പൂർത്തിയാക്കിയത്.
യാത്രക്കാർക്ക് പരമ്പരാഗത രീതിയിലുള്ള ഊഷ്മളമായ സ്വീകരണമാണ് സ്റ്റേഷനുകളിലും ട്രെയിനിലും ഒരുക്കിയിരുന്നത്. നൃത്തവും സംഗീതവും ഉൾപ്പെടെയുള്ള ആഘോഷത്തിന്‍റെ അകമ്പടിയോടെയായിരുന്നു സ്റ്റേഷനിലെ കന്നിയാത്രാ ഒരുക്കങ്ങൾ. അറബിക് കോഫി, ചോക്ലേറ്റുകൾ, ചീസ് പറാത്ത, ഓംലെറ്റ് റോൾ, കേക്ക്, കറക്ക് ചായ എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഭക്ഷണപദാർഥങ്ങളും മികച്ച സേവനവും ട്രെയിനിൽ സജ്ജീകരിച്ചിരുന്നു. ദിനംപ്രതി ദുബൈക്കും അബൂദബിക്കുമിടയിൽ യാത്ര ചെയ്യുന്ന ജീവനക്കാർക്കും താമസക്കാർക്കും റോഡിലെ ഗതാഗതക്കുരുക്കിൽ പെടാതെ യാത്ര ചെയ്യാൻ പുതിയ ട്രെയിൻ സർവീസ് വലിയ ആശ്വാസമാകും.
റോഡ് മാർഗമുള്ള യാത്രയെ അപേക്ഷിച്ച് സമയം ലാഭിക്കാനും ഡ്രൈവിംഗിലെ മാനസിക സമ്മർദം കുറക്കാനും ഇത്തിഹാദ് റെയിൽ സഹായകമാകുമെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു. ദുബൈ മെട്രോയുമായുള്ള നേരിട്ടുള്ള കണക്റ്റിവിറ്റി അൽ യലായിസ് സ്റ്റേഷന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ്. ലളിതമായ ടിക്കറ്റ് ബുക്കിങ് രീതിയും മികച്ച രീതിയിൽ ക്രമീകരിച്ചിരിക്കുന്ന സ്റ്റേഷനുകളും പൊതുജനങ്ങൾക്ക് ഇത്തിഹാദ് റെയിൽ യാത്ര കൂടുതൽ എളുപ്പമാക്കുന്നുണ്ട്. മുമ്പ് ആരംഭിച്ച അബൂദബി - ഫുജൈറ സർവീസിന് ശേഷം പുറത്തിറക്കിയ ഈ പുതിയ റൂട്ട് യു.എ.ഇയിലെ നഗരങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും.
ഭാവിയിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് ശൃംഖല വികസിപ്പിക്കുന്നതോടെ യു.എ.ഇയുടെ യാത്രാമേഖലയിൽ ഇത്തിഹാദ് റെയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.