ഫ്ലൈ ദുബൈ വിമാനത്തിലുണ്ടായ സംഭവം; ജി.സി.എ.എ അന്വേഷണം തുടരുന്നു

ദുബൈ: ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബൈ വിമാനത്തിലുണ്ടായ സംഭവത്തിൽ യു.എ.ഇ ജനറൽ സിവില്‍ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അന്വേഷണം തുടരുന്നതായി അറിയിച്ചു. സംഭവത്തിന്‍റെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്താൻ അന്വേഷണ സംഘങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും, വിമാനത്തിന്‍റെ പ്രവർത്തനപരമായ വശങ്ങളും സുരക്ഷാ കാര്യങ്ങളും അന്വേഷണ പരിധിയിൽ വരുമെന്നും അതോറിറ്റി വ്യക്തമാക്കി.

ദുബൈയിൽനിന്ന് തെൽ അവീവിലേക്ക് പറന്ന എഫ്​. ഇസഡ്​ 1073 ഫ്ലൈ ദുബൈ വിമാനത്തിലുണ്ടായ തർക്കത്തെ തുടർന്നാണ് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട് അടിയന്തര ലാൻഡിങ്​ നടത്തിയത്. സുരക്ഷാ സംഭവം നിയന്ത്രണവിധേയമാക്കിയെങ്കിലും, വിമാനത്തിലെ ചില ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനായി സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും ജി.സി.എ.എ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗികമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അന്വേഷണത്തെ ബാധിക്കുന്ന രീതിയിലുള്ള ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും യു.എ.ഇ വ്യോമയാന അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. അന്വേഷണ റിപ്പോർട്ട് തയാറാകുന്ന മുറയ്ക്ക് അതിന്‍റെ കണ്ടെത്തലുകൾ പൊതുജനങ്ങളുമായി പങ്കുവെക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം, തബൂക്ക് വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാരെ ഫ്ലൈ ദുബൈയുടെ പകരം വിമാനത്തിൽ പിന്നീട് തെൽ അവീവിലേക്ക് എത്തിച്ചു. ബുധനാഴ്ച ജി.എം.ടി 1534-ഓടെയാണ് ഫ്ലൈ ദുബൈയുടെ രണ്ടാമത്തെ വിമാനം ഇസ്രായേലിലെ ബെൻ ഗുറിയൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.

Tags:    
News Summary - GCAA continues investigation into incident on FlyDubai flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.