നിക്ഷേപകന്‍റെ പണം തട്ടിയെടുത്തു; സഹായിക്ക് തടവും നഷ്ടപരിഹാര ഉത്തരവും
അബൂദബി: നിക്ഷേപകന്‍റെ 230,000 ദിര്‍ഹം തട്ടിയെടുത്ത കേസില്‍ മുന്‍ സഹായിക്ക് തിരിച്ചടി. തുക തിരികെ നല്‍കുന്നതിനൊപ്പം 15,000 ദിര്‍ഹം നഷ്ടപരിഹാരവും നല്‍കാന്‍ അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. ഇതിനുപുറമേ തര്‍ക്കത്തിലുള്ള വാഹനം ഉടമക്ക് തിരികെ നല്‍കാനോ അല്ലെങ്കില്‍ അതിന്റെ മൂല്യമായ 20,000 ദിര്‍ഹം നല്‍കാനോ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കമ്പനിയില്‍ നിന്ന് ചെക്ക് വാങ്ങി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച പണമാണ് സഹായി സ്വന്തം ആവശ്യത്തിനായി വകമാറ്റിയത്. ഈ കുറ്റകൃത്യത്തിന് പ്രതിക്ക് നേരത്തെ ക്രിമിനല്‍ കോടതി ആറുമാസത്തെ തടവും നാടുകടത്തലും വിധിച്ചിരുന്നു. ഈ ക്രിമിനല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകന്‍ സിവില്‍ കോടതിയെ സമീപ്പിച്ച് നഷ്ടപരിഹാരവും പണവും തിരികെ ആവശ്യപ്പെട്ടത്. പ്രതിയുടെ പ്രവൃത്തിമൂലം തനിക്ക് സാമ്പത്തികമായും ധാര്‍മികമായും ഉണ്ടായ നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിവില്‍ കേസ് ഫയല്‍ ചെയ്തത്.
ആകെ തുകയായ 230,000 ദിര്‍ഹവും 15,000 ദിര്‍ഹം നഷ്ടപരിഹാരവും വാഹനവും അല്ലെങ്കില്‍ അതിന്‍റെ വിലയും നല്‍കുന്നതിന് പുറമെ കോടതി ചെലവുകളും നിയമപരമായ ചിലവായി 200 ദിര്‍ഹവും പ്രതി നല്‍കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.