ദുബൈ: നഗര ഗതാഗതം സുഗമവും സ്മാർട്ടും ആക്കാൻ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നടത്തുന്ന ശ്രമങ്ങൾക്ക് കാൾ സെൻററുകൾ നൽകുന്ന പിന്തുണ പണ്ടേ പ്രസിദ്ധമാണ്. റെക്കോർഡ് സമയം കൊണ്ട് ഉപഭോക്താക്കളുടെ വിളികൾക്കും ചോദ്യങ്ങൾക്കും പ്രതികരിച്ച് കൂടുതൽ ഉയരങ്ങളിലെത്തിയിരിക്കുകയാണ് ഇവയിപ്പോൾ. കഴിഞ്ഞ ആറു മാസങ്ങളിൽ പത്തു ലക്ഷത്തിലേറെ വിളികളാണ് ആർ.ടി.എയുടെ കാൾ സെൻററുകളിൽ എത്തിയത്.
മുൻപ് മറുപടി നൽകാൻ 20 സെക്കൻറുകൾ എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 11 സെക്കൻറിനകം മറുപടി നൽകാനാവുന്നു. പൊലീസിെൻറയും സിവിൽ ഡിഫൻസിെൻറയും ഹെൽപ്ലൈൻ നമ്പർ പോലെ ഇപ്പോൾ ഒാരോ ദുബൈ വാസിക്കും സുപരിചിതമായ 800-9090 എന്ന ആർ.ടി.എ കാൾ സെൻററിൽ വിളിച്ചാൽ മെട്രോ സമയവും ബസ് റൂട്ടും മുതൽ ഗതാഗത സംബന്ധിയായ സംശയങ്ങൾക്കെല്ലാം മറുപടി കിട്ടുമെന്നു മാത്രമല്ല, ടാക്സി ബുക്ക് ചെയ്യാനും ഫീസുകളും പിഴകളും മറ്റും അടക്കാനും സാധിക്കും. ദിവസേന ഏതാണ്ട് 6500 എന്ന നിലയിൽ 1,084,635 വിളികളാണ് എത്തിയത്.
മുൻ വർഷത്തേക്കാൾ ഒമ്പതു ശതമാനം അധികമാണിത്. ദുബൈയെ ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് നഗരമാക്കി മാറ്റാനുള്ള ദുബൈ സർക്കാറിെൻറ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുകയും ജനങ്ങൾക്ക് ഏറ്റവുമെളുപ്പം സേവനങ്ങൾ ലഭ്യമാക്കുകയുമാണ് നടത്തി വരുന്നതെന്ന് ആർ.ടി.എ ഉപഭോക്ത് സേവന വിഭാഗം എക്സി. ഡയറക്ടർ അഹ്മദ് മഹ്ബൂബ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് ഗവർമെൻറ് അവാർഡ് നേടിയ കാൾ സെൻററിൽ അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. 25,715 പണമിടപാടുകൾ കാൾ സെൻറർ മുഖേന നടന്നു. ഇതിനു പുറമെ ഇ മെയിൽ മുഖേന 65,613 ഇടപാടുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.