ആവേശമായി റിയാദ് മാരത്തൺ; 100 ​​രാജ്യങ്ങളിൽനിന്ന്​ 40,000 പേർ പ​ങ്കെടുത്തു

റിയാദ്​: സൗദിയിലെ ഏറ്റവും വലിയ കായികമത്സരമായ ‘റിയാദ് മാരത്തൺ’ കൂട്ടയോട്ടമത്സരം ശനിയാഴ്​ച റിയാദിൽ നടന്നു. 100 ​​രാജ്യങ്ങളിൽനിന്ന്​ 40000ത്തിലധികം പേർ പ​ങ്കെടുത്തു. രാവിലെ സുര്യോദയത്തോടെ ആരംഭിച്ച ‘റിയാദ് മാരത്തൺ 2025ന്റെ നാലാം പതിപ്പ്​ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തിന്​ സാക്ഷ്യം വഹിച്ചു​. ബോളിവാഡ്​ സിറ്റിയിലെ കിങ്​ഡം അരീനയിൽ ആവേശവും വെല്ലുവിളിയും നിറഞ്ഞ ഒരു കായിക അന്തരീക്ഷത്തിലാണ്​ ആളുകൾ ഒത്തുകൂടി​യത്​. കഴിഞ്ഞ ബുധനാഴ്​ച ആരംഭിച്ച ‘സ്‌പോർട്‌സ് ഫോർ ഓൾ എക്‌സ്‌പോ’യുടെ ഭാഗമായിട്ടായിരുന്നു മാരത്തൺ.

ഫുൾ മാരത്തൺ വിഭാഗത്തിൽ (42 കി.മീ) പുലർച്ചെ 6.25നാണ് മത്സരം ആരംഭിച്ച​ത്. ശക്തമായ മത്സരാന്തരീക്ഷമാണ്​ സംജാതമായത്​. റിയാദിലെ പ്രശസ്​ത കെട്ടിടങ്ങൾക്ക്​ സമീപങ്ങളിലൂടെ നീളുന്ന പാതയിൽ ആളുകൾ കൂട്ടമായി ഓടി. ഹാഫ് മാരത്തൺ (21 കി.മീ) 7.45 നാണ്​ ആരംഭിച്ചത്​. പങ്കെടുക്കുന്നവർക്കിടയിൽ ഏറ്റവും പ്രചാരമുള്ള വിഭാഗങ്ങളിലൊന്നാണിത്. തുടക്കക്കാർക്കും കുട്ടികൾക്കുമായി നിശ്ചയിച്ചിട്ടുള്ള നാല്​ കിലോമീറ്റർ ഓട്ടമത്സരം രാവിലെ 11.20 ആണ്​ ആരംഭിച്ചത്​. പങ്കെടുക്കുന്നവരുടെ സുരക്ഷയും സുഗമമായ ഒഴുക്കും ഉറപ്പാക്കുന്നതിനായി നിരവധി ​റോഡുകൾ പലതും അടച്ചിട്ട്​ ഗതാഗതം നിയന്ത്രിച്ചു.

സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ബദൽ ഗതാഗത മാർഗങ്ങൾ ഒരുക്കി. മാരത്തണി​ന്റെ ഭാഗമായി വിവിധ വിനോദ പരിപാടികളും നടന്നു. പങ്കെടുത്തവരും സന്ദർശകരും തത്സമയ സംഗീതവും വിവിധ ഭക്ഷണാനുഭവങ്ങളും സംവേദനാത്മക പ്രവർത്തനങ്ങളും ആസ്വദിച്ചു, ഇത് പരിപാടിക്ക്​ ആഗോള ഉത്സവാന്തരീക്ഷം പകർന്നു.

Tags:    
News Summary - Riyadh Marathon with excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.