റാക് സൗഹൃദ വേദിയുടെയും റീഡേഴ്സ് ഫോറത്തിന്റെയും ഉപഹാരം മുഹമ്മദ് ബാസില്‍ സ്വീകരിക്കുന്നു
റാസല്‍ഖൈമ: മലപ്പുറം തിരൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ തീയണക്കാന്‍ സഹായിച്ച് വാര്‍ത്തകളിൽ ഇടംപിടിച്ച പ്രവാസിയായ മുഹമ്മദ് ബാസിലിന് ആദരമര്‍പ്പിച്ച് റാക് സൗഹൃദ വേദിയും റീഡേഴ്സ് ഫോറവും. റാക് ഫിഷ് മാര്‍ക്കറ്റിലെ ജീവനക്കാരനായ ബാസില്‍ അവധിക്ക് നാട്ടിലായിരുന്ന ഒരു മാസം മുമ്പാണ് സംഭവം.
സുഹൃത്തുക്കളായ മുഹമ്മദ് നൗഫലിനും റസലിനുമൊപ്പം തിരൂരിലേക്ക് പോകുമ്പോഴായിരുന്നു ക്ഷേത്രത്തില്‍ തീപിടിക്കുന്നത്. സമീപം വാഹനം നിര്‍ത്തിയ മൂവരും തീയണക്കാന്‍ കൂടുകയായിരുന്നു.
ക്ഷേത്രമായതിനാല്‍ അകത്ത് കയറുന്നതിലുള്ള ആശങ്ക ഇവര്‍ പൂജാരിയുമായി പങ്കുവെച്ചെങ്കിലും പൂജാരി പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. ക്ഷേത്രത്തില്‍ തീ ആളിപ്പടരുന്നത് കണ്ട പലരും സ്തംഭിച്ച് നിന്ന സമയം പൂജാരിക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നെന്ന് ബാസില്‍ പറഞ്ഞു.
അവസരോചിതമായ ഇടപെടലിലൂടെ അത്യാഹിതം ഒഴിവാക്കാന്‍ യത്നിച്ച സഹപ്രവര്‍ത്തകനായ മുഹമ്മദ് ബാസില്‍ ആദരവര്‍ഹിക്കുന്നതായി റാക് റീഡേഴ്സ് ഫോറം കണ്‍വീനര്‍ സിദ്ദീഖ് കടവത്തും റാക് സൗഹൃദ വേദി ഭാരവാഹികളായ ഇസ്മായില്‍ കൂട്ടായിയും പറഞ്ഞു.
റാക് ഫിഷ് മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ റാക് കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, സിദ്ദീഖ് കടവത്ത്, ഇസ്മായിൽ കൂട്ടായി എന്നിവരില്‍നിന്ന് മുഹമ്മദ് ബാസില്‍ പ്രശസ്തി ഫലകം സ്വീകരിച്ചു. കരീം ഹാജി, എം.ബി. അനീസുദ്ദീന്‍, ഹമീദ് കാരത്തൂർ, മാനുപ്പ, റഫീഖ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.