അബൂദബി: ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായി അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് സൈഫ് ബിൻ സൈത്തൂൻ അൽ മുഹൈരി വ്യക്തമാക്കി. ശൈഖ് ശഖ്ബൂത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച അദ്ദേഹം ആരോഗ്യ സേവനങ്ങളുടെ നിലവാരം നേരിട്ട് വിലയിരുത്തുകയും ചെയ്തു. എമർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് സെന്റർ ഡയറക്ടർ ജനറൽ മതാർ സഈദ് അൽ നുഐമി, അബൂദബി പബ്ലിക് ഹെൽത്ത് സെന്റർ ഡയറക്ടർ ജനറൽ ഡോ. റാശിദ് ഉബൈദ് അൽ സുവൈദി, ശൈഖ് ശഖ്ബൂത് മെഡിക്കൽ സിറ്റി സി.ഇ.ഒ ഡോ. മർവാൻ അൽ കഅബി എന്നിവരും മറ്റ് ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.
പരിക്കേറ്റവരെയും അവരുടെ കുടുംബങ്ങളെയും നേരിൽ കണ്ട സംഘം ചികിത്സാ സേവനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ആരാഞ്ഞു. മേഖലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തതലത്തിൽ സമൂഹത്തിന്റെ സുരക്ഷയാണ് അബൂദബിയുടെ പ്രധാന മുൻഗണനയെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. വേഗത്തിൽ സുഖം പ്രാപിക്കാൻ ആവശ്യമായ എല്ലാ മെഡിക്കൽ സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്നും പുനരധിവാസ നടപടികൾ ശക്തിപ്പെടുത്തണമെന്നും മേജർ ജനറൽ അഹമ്മദ് സൈഫ് ബിൻ സൈത്തൂൻ അൽ മുഹൈരി നിർദേശിച്ചു.
അബൂദബിയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും മുൻകരുതൽ പദ്ധതികളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നതിന് ചികിത്സാ നടപടികൾ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രിയിലെ മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന്റെ പ്രൊഫഷണലിസത്തെയും സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു. രോഗികൾ പൂർണ സുഖം പ്രാപിക്കുന്നത് വരെ എല്ലാ പിന്തുണയും നൽകുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.