ദുബൈ: രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തി ‘ആനി’ പ്ലാറ്റ്ഫോം ഉപയോക്താക്കളുടെ എണ്ണം 1.25 കോടി കടന്നു. പ്ലാറ്റ്ഫോം നിയന്ത്രിക്കുന്ന യു.എ.ഇ സെൻട്രൽ ബാങ്കിന്‍റെ സഹകമ്പനിയായ അൽ ഇത്തിഹാദ് പെയ്മെന്‍റ്സാണ് വിവരം പുറത്തുവിട്ടത്.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിലേക്കുള്ള മാറ്റം വേഗത്തിലാകുന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി. 74 ധനകാര്യ സ്ഥാപനങ്ങളുമായി ശക്തമായ കണക്റ്റിവിറ്റി രൂപപ്പെടുത്തിയതിലൂടെ പ്ലാറ്റ്ഫോം കൂടുതൽ വിശ്വാസ്യത നേടിയിട്ടുണ്ട്. 85 ശതമാനം ബാങ്കുകളുമായും എക്സ്ചേഞ്ച് ഹൗസുകളിൽ 10 ശതമാനവുമായും, ഡിജിറ്റൽ വാലറ്റുകളും ഫിനാൻസ് കമ്പനികളുമായും പ്ലാറ്റ്ഫോം സംയോജിപ്പിച്ചിരിക്കുന്നുണ്ട്. 2025ൽ മാത്രം ഇടപാടുകളുടെ എണ്ണം ആറിരട്ടിയായി വർധിക്കുകയും മാസത്തിൽ ശരാശരി 10 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
യു.എ.ഇയിലെ ദൈനംദിന സാമ്പത്തിക പ്രവർത്തനത്തിൽ അവിഭാജ്യ ഘടകമായ പ്ലാറ്റ്ഫോം മൊബൈലിൽ ഉപയോഗിച്ച് മാത്രം ദിവസേന ഏകദേശം 25,000 ഇടപാടുകൾ നടക്കുന്നുണ്ട്. രാജ്യത്തെ 7.74 ലക്ഷം വ്യാപാരികൾ ഈ പ്ലാറ്റ്ഫോം പ്രധാന പേയ്മെന്റ് സംവിധാനമായി സ്വീകരിച്ചിട്ടുമുണ്ട്. ക്യു.ആർ കോഡ് പേയ്മെന്റ്, റിക്വസ്റ്റ് ടു പേ, മൊബൈൽ നമ്പർ അല്ലെങ്കിൽ എമിറേറ്റ്സ് ഐ.ഡി ഉപയോഗിച്ച് പണമിടപാട് തുടങ്ങിയ സേവനങ്ങൾ ഇതിനകം ലഭ്യമാണ്. കൂടാതെ ക്രോസ്-ബോർഡർ പേയ്മെന്റുകൾ, ഇ-ഡയറക്ട് ഡെബിറ്റ്, ഇ-ചെക്കുകൾ, ബിസിനസ്-ടു-ബിസിനസ് പേയ്മെന്റുകൾ തുടങ്ങിയ സേവനങ്ങൾ ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
‘ആനി’യുടെ ഉപയോഗത്തിലെ വളർച്ച ദേശീയ പേയ്‌മെന്റ് സംവിധാനങ്ങളുടെ സുരക്ഷയിലും കാര്യക്ഷമതയിലും ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സെൻട്രൽ ബാങ്ക് ബാങ്കിങ് ഓപ്പറേഷൻസ് ആൻഡ് സപ്പോർട്ട് സർവീസസ് അസി. ഗവർണറും അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സിന്റെ ചെയർമാനുമായ സൈഫ് ഹുമൈദ് അൽ ദാഹിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.