ദുബൈ: കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന വിവാഹമോചനങ്ങളുടെ പട്ടികയിൽ ദിവസങ്ങൾക്കകം പിരിഞ്ഞവർ മുതൽ അരനൂറ്റാണ്ടിനു ശേഷം പിരിഞ്ഞവർ വരെ. ആറ് ദമ്പതിമാർ കഴിഞ്ഞ വർഷം ദാമ്പത്യജീവിതം 10 ദിവസം തികയുന്നതിന് മുമ്പ് അവസാനിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനു ശേഷം വിവാഹ മോചിതരായ ദമ്പതികളാണ് ഏറ്റവും ചുരുങ്ങിയ കാലം ഒരുമിച്ചു കഴിഞ്ഞവർ. മറ്റൊരു കുടുംബം രണ്ടായത് വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷമാണ്. അതേസമയം, വിവാഹമോചനത്തിന് പ്രായമില്ലെന്ന് തെളിയിച്ച് ഒരുമിച്ചുള്ള ജീവിതത്തിൽ 56 വർഷങ്ങൾ പിന്നിട്ട ശേഷം പിരിഞ്ഞവരും പട്ടികയിലുണ്ട്. ഇതാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും പ്രായമേറിയ വിവാഹമോചനം. മറ്റൊന്ന് ദാമ്പത്യത്തിന്റെ 49 വർഷങ്ങൾ പിന്നിട്ട ശേഷമുള്ളതാണ്.
നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. 2022ൽ യു.എ.ഇയിൽ ആകെ രേഖപ്പെടുത്തിയത് 596 വിവാഹമോചന കേസുകളാണ്. ഇത് മുൻ വർഷത്തേക്കാൾ കുറവാണ്. 2021ൽ 648 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷത്തെ 290 വിവാഹമോചന കേസുകളും ഇമാറാത്തി ദമ്പതികളുടേതാണ്.
ബാക്കി 180 എണ്ണം പ്രവാസികളും ഇമാറാത്തി സ്ത്രീകളും പൗരന്മാരല്ലാത്ത ദമ്പതികളും തമ്മിലുള്ളതാണ്. പരസ്പര അവിശ്വാസം, വിവാഹേതര ബന്ധങ്ങൾ, തയാറെടുപ്പിന്റെയും പ്രതിബദ്ധതയുടെയും അഭാവം, ശരിയായ ആശയവിനിമയത്തിന്റെ അഭാവം, ശാരീരിക പീഡനവും അധിക്ഷേപവും, സോഷ്യൽ മീഡിയ, ഭാര്യാഭർത്താക്കന്മാരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിലെ പരാജയം എന്നിവയാണ് യു.എ.ഇയിൽ വിവാഹമോചനത്തിനുള്ള പ്രധാന കാരണങ്ങളിൽ ചിലതെന്ന് ഫാമിലി കൗൺസിലർമാരും സൈക്കോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.