ദുബൈ: സ്മാർട്ട് വാടക സൂചികയിൽ കെട്ടിടങ്ങളുടെ വാടക വർധിപ്പിക്കാൻ യോഗ്യത നേടിയവ ഭൂവുടമകൾ വാടക കരാർ അവസാനിക്കുന്നതിന്റെ 90 ദിവസം മുമ്പ് ഇക്കാര്യം താമസക്കാരെ അറിയിക്കണമെന്ന വ്യവസ്ഥ നിർബന്ധമായും പാലിക്കണമെന്ന് വ്യക്തമാക്കി ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ് (ഡി.എൽ.ഡി). അടുത്തിടെയാണ് ദുബൈയിൽ പുതിയ വാടക സൂചിക ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടത്.
തുടർന്ന് ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് ഡിപ്പാർട്മെന്റ് വ്യക്തത വരുത്തിയത്. വീട്ടുടമസ്ഥൻ വാടകക്കാരന് 90 ദിവസത്തെ അറിയിപ്പ് നൽകുകയും മുൻ സൂചിക വാടക വർധനയെ പിന്തുണക്കുകയും പുതിയ സൂചിക പിന്തുണക്കാതിരിക്കുകയും ചെയ്താൽ, പുതുക്കൽ തീയതി രണ്ടു ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ആദ്യത്തേത് 2025ന് മുമ്പാണ് കരാർ പുതുക്കിയതെങ്കിൽ മുൻ സൂചികയായിരിക്കും ബാധകം. 2025ലാണ് കരാർ പുതുക്കുന്നതെങ്കിൽ പുതിയവാടക സൂചികയായിരിക്കും ബാധകം.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഡി.എൽ.ഡി പുതിയ വാടക കരാർ പുറത്തിറക്കിയത്. കെട്ടിടങ്ങളുടെ വർഗീകരണം, പഴയതും പുതിയതുമായ വാടകകൾ, വിസ്തീർണം എന്നിവയുൾപ്പെടെ നിരവധി പുതിയ വശങ്ങൾ കണക്കിലെടുത്താണ് പുതിയ വാടക സൂചിക നിശ്ചയിച്ചിരിക്കുന്നത്.
ഈ രംഗത്ത് സുതാര്യത കൊണ്ടുവരുകയാണ് വാടകസൂചിക ലക്ഷ്യമിടുന്നതെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്മെന്റിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സി.ഇ.ഒ മാജിദ് അൽ മർറി പറഞ്ഞു. 2024ൽ ഒമ്പതു ലക്ഷം വാടക കരാറുകളാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പുളള വർഷത്തെ അപേക്ഷിച്ച് എട്ടു ശതമാനമാണ് വർധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.