ദുബൈ: യു.എ.ഇയിൽ മരണപ്പെട്ട നൂറ്റമ്പതിലേറെ പ്രവാസികളുടെ മൃതദേഹം സംസ്കരിച്ച് നാട്ടിലേക്കയച്ച മലയാളി സാമൂഹിക പ്രവർത്തകനെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് ആദ്യമായി ഒരു ഇംഗ്ലീഷ് മാധ്യമത്തിൽ വാർത്തയെഴുതിയത് വി.എം.സതീഷ് എന്ന മാധ്യമ പ്രവർത്തകനായിരുന്നു. വർഷങ്ങൾക്കിപ്പുറം നാലായിരത്തിലേറെ മൃതദേഹങ്ങൾ ഉറ്റവർക്കെത്തിച്ചു നൽകിയ അതേ സാമൂഹിക പ്രവർത്തകൻ ^അഷ്റഫ് താമരശ്ശേരി ^വ്യാഴാഴ്ച രാവിലെ വി.എം. സതീഷിെൻറ മൃതദേഹത്തെ അനുഗമിച്ച് കൊച്ചിയിൽ വിമാനമിറങ്ങും.
മുന്നിലിരിക്കുന്നത് ആരെന്ന് നോക്കാതെ തനിക്ക് ശരിയെന്നുറപ്പുള്ള സത്യങ്ങൾ തുറന്നു പറയാനും ചോദ്യങ്ങളുന്നയിക്കാനും പുലർത്തിയ ധീരതയാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയ മാധ്യമ പ്രവർത്തകൻ വി.എം. സതീഷിനെ എന്നും വേറിട്ടു നിർത്തിയത്. പ്രകൃതത്തിലും വർത്തമാനത്തിലും മാത്രമല്ല സഹജീവികളെ സ്നേഹിക്കുന്നതിലും സതീഷിന് തരിമ്പ് അച്ചടക്കമില്ലായിരുന്നു. അമ്മയുടെ അന്തിമ സംസ്കാര ചടങ്ങുകൾക്കായി പണം സ്വരൂപിക്കാൻ താൻ അനുഭവിച്ച കഷ്ടതകളാവും പ്രയാസപ്പെടുന്ന ഒാരോ മനുഷ്യരെക്കാണുേമ്പാഴും സതീഷ് ഒാർമിച്ചിട്ടുണ്ടാവുക.
വേദനിക്കുന്ന ഒാരോരുത്തരിലും അയാൾ സ്വന്തത്തെ കണ്ടെത്തി. ലേബർ ക്യാമ്പിൽ ചൂഷണം ചെയ്യപ്പെടുന്നവർക്കും പലിശ സംഘങ്ങളുടെ നീരാളിക്കൈയിൽ കുടുങ്ങിയവർക്കും സതീഷ് സ്വന്തക്കാരനായി. അവകാശ ലംഘനങ്ങൾക്കെതിരെ എഴുതിയ ഒാരോ വാർത്തകളും പ്രബലരായ ഒട്ടനവധി ശത്രുക്കളെ സൃഷ്ടിച്ചു. പക്ഷെ അബലരും ആലംബഹീനരുമായ ആയിരങ്ങൾക്ക് കരുത്തും കരുതലുമായിരുന്നു ആ വരികൾ. എം.ജി. സ്കൂൾ ഒഫ് ഇൻറർനാഷനൽ സ്റ്റഡീസിൽ നിന്ന് ഒന്നാം റാങ്കിൽ പഠിച്ചിറങ്ങിയ ഇയാൾ അക്ഷരാർഥത്തിൽ ഒരു അന്താരാഷ്ട്ര പൗരനായിരുന്നു. ഇന്ത്യൻ എക്സ്പ്രസ് മുംബൈ ഒാഫീസിൽ മാധ്യമ പ്രവർത്തനം പരിശീലിക്കുന്ന കാലത്തു തന്നെ ഒട്ടനവധി ലേഖനങ്ങളാണ് സതീഷിേൻറതായി അച്ചടിച്ചു വന്നിരുന്നത്.
സ്വതന്ത്ര പത്രപ്രവർത്തകനായിരിക്കെ വിവിധ മുഖ്യധാരാ പത്രങ്ങൾക്കായി സതീഷ് തയ്യാറാക്കിയ ഒാരോ വാർത്തയും ചർച്ച ചെയ്യപ്പെട്ടു. മലയാളി വായനാ സമൂഹത്തിനിടയിൽ ഒതുങ്ങിപ്പോകുമായിരുന്ന പല വാർത്തകളെയും അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കാനും ഇതുവഴി കഴിഞ്ഞു. ജോലി നഷ്ടപ്പെട്ടും ശമ്പളം മുടങ്ങിയും പിടിച്ചു നിൽക്കാൻ കഷ്ടപ്പെട്ട നിരവധി പേരുടെ വീട്ടുവാടകയും കുട്ടികളുടെ ഫീസും അടക്കുേമ്പാൾ സതീഷിന് കൈവിറച്ചില്ല.
ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന മനുഷ്യർക്ക് പുത്തനുടുപ്പുകൾ സമ്മാനിച്ച് അവരുടെ സന്തോഷ നിറവിൽ ആനന്ദം കണ്ടു. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ സതീഷ് മരണത്തിന് രണ്ടു നാൾ മുൻപ് യു.എ.ഇയിൽ തിരിച്ചെത്തിയതും നിയോഗമാവാം. പ്രകടനത്തിനിടെ വേദിയിൽ ഇടറി വീണ് മരണം പുൽകിയ കലാകാരെപ്പോലെ സതീഷ് അയാളുടെ തട്ടകത്തിൽ തന്നെ മരിച്ചു വീഴണം എന്നതാവും ചരിത്ര നീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.