റിയൽ എസ്​റ്റേറ്റ്​ വിപണിയിൽ കുതിപ്പ്​; ദുബൈ, അബൂദബി എമിറേറ്റുകൾ മുന്നിൽ

ദുബൈ: ആഗോള തലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും യു.എ.ഇയിലെ റിയൽ എസ്​റ്റേറ്റ്​ വിപണിയിൽ വൻ കുതിപ്പ്​ രേഖപ്പെടുത്തി. ഈ വർഷം തുടക്കം മുതൽ പ്രധാനപ്പെട്ട എല്ലാ എമിറേറ്റുകളും പ്രോപ്പർട്ടി വിൽപനയിൽ വലിയ വളർച്ചയാണ്​ കൈവരിച്ചത്​​​. ദുബൈ, അബൂദബി എമിറേറ്റുകളാണ്​ ഇതിൽ മുന്നിൽ. ദുബൈ, അബൂദബി, ഷാർജ, അജ്​മാൻ എമിറേറ്റുകളിൽ നിന്നുള്ള ഡാറ്റകൾ അനുസരിച്ച്​ ആദ്യ പാദവർഷത്തിൽ റിയൽ എസ്​റ്റേറ്റ്​ ഇടപാടുകളിൽ വലിയ വർധനവുണ്ടായിട്ടുണ്ട്​. നിക്ഷേപകരുടെ വലിയ പങ്കാളിത്തമാണ്​ ഇടപാട്​ വർധനവിന്​ പിന്തുണയേകിയത്​. ഇടപാടുകളിലും നിക്ഷേപ പ്രവർത്തനങ്ങളിലും ഒരുപോലെ കാരുത്തുകാട്ടിയത്​ ദുബൈ എമിറേറ്റാണ്​​. ദുബൈ ലാൻഡ്​ ഡിപാർട്ട്​മെന്‍റിന്‍റെ കണക്കനുസരിച്ച്​ ആദ്യ പാദവർഷത്തിൽ 7,18,160 റിയൽ എസ്​റ്റേറ്റ്​ ഇടപാടുകളാണ്​ ദുബൈയിൽ നടന്നത്​. ഇതിൽ 60,303 എണ്ണം വിൽപന ഇടപാടുകളാണ്​. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്​ ആറു ശതമാനമാണ്​ വർധന. ​മൊത്തം ഇടപാടുകളുടെ മൂല്യം 252 ശതകോടി ദിർഹം വരും​. വർഷം തോറും 31 ശതമാനത്തിന്‍റെ വർധനവാണ്​ ഈ രംഗത്ത്​ രേഖപ്പെടുത്തുന്നത്​. ദുബൈയിലെ നിക്ഷേപ പ്രവർത്തനങ്ങളും ശക്​തിപ്രാപിച്ചിട്ടുണ്ട്​. 57,744 നിക്ഷേപങ്ങളാണ്​ ആദ്യ മൂന്നു മാസത്തിനിടെ രേഖപ്പെടുത്തിയത്​. മൊത്തം മൂല്യം 173 ശതകോടി ദിർഹം വരും. അതായത്​ ഏഴ്​ ശതമാനത്തിന്‍റെ വർധനവാണ്​ ഈ രംഗത്തുണ്ടായത്​. വിപണിയിൽ നിക്ഷേപകരുടെ എണ്ണം എട്ട്​ ശതമാനം വർധിച്ച്​ 48,448 ആയി ഉയർന്നിട്ടുണ്ട്​. ഇതിൽ 29,312 പേർ പുതിയ നിക്ഷേപകരാണ്​. 2025ലെ ആദ്യ പാദത്തെ അപേക്ഷിച്ച്​ 14 ശതമാനമാണ്​ വർധന.

അബൂദബിയിൽ 66 ശതകോടി ദിർഹമിന്‍റെ റിയൽ എസ്​റ്റേറ്റ്​ ഇടപാടുകളാണ്​ ഈ വർഷം ആദ്യ പാദത്തിൽ നടന്നത്​. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്നത്​ 25.31 ശതകോടി ദിർഹമിന്‍റെ ഇടപാടുകളാണ്​. കഴിഞ്ഞ വർഷത്തെ 6,896 ഇടപാടുകളിൽ നിന്ന്​ ഈ വർഷം 13,518 ഇടപാടുകളായി വർധിച്ചതായും അബൂദബി റിയൽ എസ്​റ്റേറ്റ്​ സെന്‍ററിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഷാർജയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 40.7 ശതമാനത്തിന്‍റെ വർധവുമായി 18.5 ശതകോടി ദിർഹമിന്‍റെ ഇടപാടാണ്​ നടന്നത്​. കഴിഞ്ഞ വർഷം മൂല്യം​ 13.2 ശതകോടി ദിർഹമായിരുന്നു. അജ്​മാനിൽ 3,890 ഇടപാടുകളിലായി 6.22 ശതകോടി ദിർഹമിന്‍റെ ഇടപാടുകളാണ്​ നടന്നത്​. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 12 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്​.

Tags:    
News Summary - Real estate market boom; Dubai and Abu Dhabi emirates lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.