ആർ.സി.സിയിലെ ഡോക്ടര്‍മാരുടെ പിഴവ്​​ ഭാര്യയുടെ ജീവനെടുത്തതായി പ്രവാസി ഡോക്​ടർ

റാസല്‍ഖൈമ: കേരളത്തി​​​െൻറ അഭിമാന സ്ഥാപനമായ തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്‍ററിലെ (ആര്‍.സി.സി) ചില ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തുന്ന പ്രവാസി ഡോക്​ടറുടെ വീഡിയോ  സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ആശുപത്രി അധികൃതരുടെ കൃത്യവിലോപമാണ് ത​​​െൻറ ഭാര്യ ഡോ. മേരി റജിയുടെ മരണത്തിനിടയാക്കിയതെന്നാണ് റാസൽ ഖൈമയിലുള്ള ഡോ. റജി ജേക്കബ്​ ആരോപിക്കുന്നത്​.  റാക് സഖര്‍ ആശുപത്രിയിലെ ശിശു രോഗ വിദഗ്ധയായിരുന്ന ഡോ. മേരി റജി  (56)  മാര്‍ച്ച് 18നാണ്​ മരണപ്പെട്ടത്​. ചികില്‍സാ പിഴവുകളെക്കുറിച്ച്  ഡോ. റജി ജേക്കബ് പുറത്തു വിട്ട വീഡിയോ  വന്‍ ചര്‍ച്ചകൾക്കാണ് വഴി തുറക്കുന്നത്​.  രോഗികളുടെ ജീവന് വിലകല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ മികച്ച സ്ഥാപനമായ  ആര്‍.സി.സിക്ക് കളങ്കമാണെന്നാരോപിക്കുന്ന അദ്ദേഹം   ഡോക്ടര്‍മാരുടെ പിഴവുകളും എണ്ണിപ്പറയുന്നു.

2017 സെപ്റ്റംബറിലാണ് ഭാര്യക്ക് സ്പീനില്‍ (പ്ലീഹ) ലിംഫോമ കണ്ടുപിടിച്ചത്. ആര്‍.സി.സിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശം  പ്ലീഹ നീക്കം ചെയ്യണമെന്നായിരുന്നു. ലാപ്രോസ്കോപ്പി സര്‍ജറിയില്‍ വൈദഗ്ധ്യമുണ്ടെന്ന് പറയുന്ന ഒരു ഡോക്​ടറെ ശസ്ത്രക്രിയക്ക് വേണ്ടി സമീപിച്ചു. അദ്ദേഹം ഉത്തരവാദിത്തം ഏറ്റെങ്കിലും   ദൗര്‍ഭാഗ്യമോ ഡോക്ടറുടെ കഴിവുകേടോ കാരണമായി ശസ്ത്രക്രിയ പരാജയപ്പെട്ടു. ഏഴ് മണിക്കൂറോളം നീണ്ട വയര്‍ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ സ്പീന്‍ നീക്കം ചെയ്തു. 30 സ്റ്റിച്ചുകളും ചെയ്തു. ശേഷം മൂന്നാഴ്ച്ചയോളം ഭാര്യ വേദനയില്‍ പുളയുന്നതാണ് കണ്ടത്. പല തവണ ഡോക്ടറെ സമീപിച്ച് ഭാര്യയെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും വേദനക്ക് ശമനം വന്നില്ല. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളജിലെ സര്‍ജനെ സമീപിച്ച്​ ആര്‍.സി.സിയിലെ ഡോക്ടറിട്ട സ്റ്റിച്ചുകള്‍ മുഴുവന്‍ എടുത്തതോടെ വേദന ശമിച്ചു.

വീണ്ടും കീമോ തെറാപ്പിക്കായി ആര്‍.സി.സിയെ സമീപിച്ചു. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിക്കുമ്പോള്‍ രോഗിക്ക് സെന്‍റര്‍ ലൈന്‍ അല്ലെങ്കില്‍ പിക്ക് ലൈന്‍ ഡ്രിപ്പ് ഇടാനും മറ്റുമുള്ള സൗകര്യം ചെയ്യാറുണ്ട്. എന്നാല്‍, ആര്‍.സി.സിയില്‍ അത് ചെയ്യുന്ന അനസ്തേഷ്യ വിഭാഗത്തെ മൂന്ന് വട്ടം സമീപിച്ചെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി  ഒഴിവാക്കി. ഭാര്യ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഒരു ഡോക്​ടറെ സമീപിച്ചെങ്കിലും കാലില്‍  പെരിഫറല്‍ ലൈന്‍ ഇടേണ്ട ആവശ്യമില്ലെന്നായിരുന്നു മറുപടി.  പൊട്ടാഷ്യം പോലുള്ളവ ഡ്രിപ്പായി നല്‍കുമ്പോള്‍ 10 മിനിട്ട് കഴിഞ്ഞ്​ ബ്ളോക്ക് ആവുകയും പിന്നീട് വരുന്ന നഴ്സുമാര്‍ക്ക് ഞരമ്പ് കിട്ടാതെ വരികയും മാറി മാറി കുത്തുകയും ചെയ്തു. ഒരു സ്റ്റാഫ് എട്ട് തവണ മാറിക്കുത്തുന്നത് താന്‍ കണ്ടു. പ്രമുഖ ക്യാന്‍സര്‍ ആശുപത്രിയിലത്തെിയ രോഗിക്ക് ഇത്രയും വേദന നല്‍കുന്നത് ഉചിതമാണോയെന്ന് ചിന്തിക്കണം. 

ഡോപ്ളര്‍ സ്കാനിങ്ങില്‍ ഡോക്​ടർ തെറ്റായ റിപ്പോര്‍ട്ടാണ് നല്‍കിയത്.   ആ സമയത്ത് ഭാര്യ അൽപം അബോധാവസ്ഥയിലായിരുന്നു. കുഴപ്പം വല്ലതുമുണ്ടോയെന്ന് തിരക്കിയപ്പോള്‍ വേദനസംഹാരിയുടെ സൈഡ് ഇഫക്ടാണെന്നായിരുന്നു മറുപടി. മറുമരുന്ന് കൊടുക്കാം. രോഗി പൂര്‍വാധികം ശക്തയായി തിരിച്ച് വരുമെന്നും പറഞ്ഞ് അദ്ദേഹം മടങ്ങി. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍   ന്യൂറോളജിസ്റ്റിന്‍െറ അഭിപ്രായം തേടാമെന്നായിരുന്നു  നിര്‍ദേശം. എന്നാല്‍, ശ്രീചിത്തിരയിലെ പരിചയക്കാരനായ പ്രഗൽഭ ഡോക്​ടർ എത്തി പരിശോധിച്ചപ്പോള്‍ ന്യൂറോളജിക്കല്‍ പ്രശ്നമില്ലെന്നും ഇലക്ടോലൈറ്റ് അസന്തുലിതാവസ്ഥ കൊണ്ടുവരുന്ന അസുഖമാണെന്നും അടിയന്തിര ചികില്‍സ ആവശ്യമാണെന്നും പറഞ്ഞു. ഉടന്‍ തീവ്ര പരിചരണ വിഭാഗം സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു.

പിന്നീട് ഈ പ്രശ്നത്തിന്‍െറ കാരണം കണ്ടുപിടിക്കാനുള്ള എ.ബി.ജി ടെസ്റ്റ് നടത്തണമെന്ന ആവശ്യവും ആർ.സി.സി നിരസിച്ചു. രോഗിയെ ഐ.സി.യുവിലേക്ക് മാറ്റുന്ന കാര്യത്തിലും തീരുമാനമെടുത്തില്ല. തന്‍െറ ഭാര്യ ഡോ. മേരി 24 മണിക്കൂറോളം മരണത്തോട് മല്ലിടുകയും തലച്ചോറില്‍ അതിനിടെയുണ്ടാകാവുന്ന തകരാറുകള്‍ സംഭവിക്കുകയും ചെയ്തു. പിന്നീട് മാര്‍ച്ച് 15നാണ് ചികിത്സിച്ച ഡോക്​ടർ രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കുന്നത്. ഉടന്‍ ഐ.സി.യുവിലേക്ക് മാറ്റണമെന്നും വൃക്ക തകരാറിലാണെന്നും ഡയാലിസിസിന് വിധേയമാക്കണം എന്നെല്ലാമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, വിദഗ്ധ നെഫ്രോളജിസ്റ്റുകളുടെ അഭിപ്രായം തേടിയപ്പോള്‍ ഡയാലിസിസി​​​െൻറ ആവശ്യമി​ല്ലെന്നായിരുന്നു മറുപടി. ഉടന്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആര്‍.സി.സിയില്‍ ചെയ്യാന്‍ വിമുഖ കാട്ടിയ ടെസ്റ്റുകളെല്ലാം ചെയ്തു.

ആര്‍.സി.സിയിലെ ചികില്‍സാപ്പിഴവില്‍ സംഭവിച്ച തകരാറുകള്‍   ഭാര്യയുടെ തലച്ചോറിനെ ബാധിച്ച് കഴിഞ്ഞിരുന്നു. മാര്‍ച്ച് 18ന്   മരണം സംഭവിച്ചു. ഭാര്യയെ എന്നെന്നേക്കുമായി നഷ്​ടമായെങ്കിലും ആര്‍.സി.സിയിലെ ഡോക്ടര്‍മാര്‍ക്ക് അവരുടെ മനോഭാവത്തില്‍ എന്തെങ്കിലും മാറ്റം വരികയോ ഏതെങ്കിലും രോഗികള്‍ക്ക് പ്രയോജനം ലഭിക്കുകയോ ചെയ്യട്ടെയെന്ന പ്രത്യാശയോടെയാണ്​ ഇക്കാര്യം പരസ്യപ്പെടുത്തുന്നതെന്ന്​  റാക് ഇന്ത്യന്‍ അസോസിയേഷൻ, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയുടെ പ്രസിഡൻറ്​ കൂടിയായ ഡോ. റജി പ്രത്യാശിക്കുന്നു. 

Tags:    
News Summary - RCC-Doctor-Death reason-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.