ദുബൈ: വ്യത്യസ്തമായ നാടൻ വിഭവങ്ങൾ ആസ്വദിച്ചും ഐസ് ഫ്രൂട്ടുകൾ നുണഞ്ഞും സംഗീതമാസ്വദിച്ചും റമദാനിന്റെ രാവുകളെ കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ ഇത്തവണയും പ്രവാസികൾക്ക് കരാമയിൽ ഒത്തുചേരാം. ഫെബ്രുവരി 19 മുതൽ മാർച്ച് 18 വരെയാണ് ഇത്തവണ കരാമ ഫെസ്റ്റിവൽ ഒരുക്കുന്നത്. ഓരോ ദിവസവും നോമ്പിന്റെ അന്ത്യം കുറിച്ച് പീരങ്കി വെടികൾ മുഴങ്ങിയാൽ കരാമയുടെ വൈബ് തന്നെ മാറും.
പിന്നീട് ആസ്വാദനത്തിന്റെ പുതിയ ലോകമാണ് കരാമയിൽ കാണാനാവുക. പലതരം ഭക്ഷണങ്ങൾ കഴിച്ചും പാട്ടുകൾ പാടിയും നൃത്തം ചെയ്തും രാത്രി ഏറെ വൈകും വരെ കരാമ തെരുവുകളെ ജനം സജീവമായി നിലനിർത്തും. വ്യത്യസ്തമായ രുചികളെ പരിചയപ്പെടുത്തുന്ന 100ലധികം ഹോട്ടലുകളാണ് ഇത്തവണ കരാമ ഫെസ്റ്റിവലിൽ ഒരുങ്ങുന്നത്. തുടർച്ചയായി നാലാം വർഷമാണ് റമദാനിൽ കരാമയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. മലയാളികൾക്കൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നടക്കം കരാമയിലെ രാത്രി വൈബ് ആസ്വദിക്കാനെത്തുന്നവർ നിരവധിയാണ്. ഇത്തവണ രണ്ട് സ്ഥലങ്ങളിലായാണ് ഫെസ്റ്റിവൽ. കരാമ പാർക്കിലാണ് രണ്ട് രീതിയിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഒരിടത്ത് പലതരം രുചികളുമായി ചെറുകിട കച്ചവടക്കാർ ഒത്തുചേരും.
മറ്റൊരിടത്ത് കാർണിവലും കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള പരിപാടികളുമാണ് സജ്ജീകരിക്കുന്നത്. ഇവ രണ്ടിനെയും നടപ്പാതയുമായി ബന്ധിപ്പിക്കും. കമ്യൂണിറ്റി ഇഫ്താർ ടേബിളുകൾ, വിവിധതരം ആഘോഷ പരിപാടികൾ, കുട്ടികൾക്കായുള്ള കാർണിവൽ തുടങ്ങിയ നിരവധി പുതിയ സംരംഭങ്ങൾ ഇത്തവണയും ഒരുക്കും. 70,000ത്തിൽ പരം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഫെസ്റ്റിവലിലേക്ക് പ്രവേശനം സൗജന്യമാണ്. അഞ്ച് ദിർഹം മുതൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാകും. കപ്പബിരിയാണി, മാങ്ങ ഉപ്പിലിട്ടത്, നാടൻ സമൂസ, പാഷൻ ഫ്രൂട്ട് ജ്യൂസ്, സുലൈമാനി, ഐസ് ഒരതി, കടുക്ക പൊരിച്ചത്, ചൂടുള്ള ഐസ് ക്രീമുകൾ അങ്ങനെ തുടങ്ങി വൈവിധ്യങ്ങളുടെ സമൂഹ അടുക്കളയായി കരാമ മാറും. എല്ലാ ദിവസവും നോമ്പുതുറ സമയം മുതൽ പുലർച്ചെ രണ്ട് മണിവരെയാണ് ഫെസ്റ്റിവൽ സമയം.
19 മുതൽ 28 വരെ കരാമയിലെ റസ്റ്റാറന്റുകൾ വർണലൈറ്റുകൾ കൊണ്ട് അലംകൃതമാകും. മാർച്ച് ഒന്നു മുതൽ ആരംഭിക്കുന്ന കാർണിവലിൽ പ്രമുഖ സംഗീതജ്ഞർ ഒത്തുചേരും. മാർച്ച് ഒന്ന് മുതൽ എല്ലാ രാത്രിയിലും ആറ് പ്രകടനങ്ങളാണ് അരങ്ങേറുക. രാത്രി 9.15 മുതൽ 10.30 വരെയാണ് ഷോ. വാരാന്ത്യങ്ങളിൽ രാത്രി 11 മണിവരെ ഷോ തുടരും. കൂടാതെ പരമ്പരാഗതമായ കലാപ്രകടനങ്ങൾ, അറബിക് കാലിഗ്രഫി, മൈലാഞ്ചിയിടൽ, തൽസമയ കാരിക്കേച്ചർ ഡ്രോയിങ് എന്നിവയും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.