അബൂദബി: റമദാന്‍ വിട പറഞ്ഞ് ഈദുര്‍ ഫിത്ര്‍ ആഘോഷങ്ങളിലേക്ക് രാജ്യം കടക്കുമ്പോള്‍, അവധി ദിനങ്ങളില്‍ വിവിധ കലാപരിപാടികള്‍ക്ക് അബൂദബിയില്‍ അരങ്ങൊരുങ്ങുകയാണ്. നിരവധി പ്രവാസി സംഘടനകളാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, കേരള സോഷ്യല്‍ സെന്‍റര്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടില്‍ നിന്നെത്തുന്ന കലാകാരന്‍മാരും ആഘോഷത്തിന് മാറ്റുകൂട്ടും. ‘പെരുന്നാള്‍ കിസ്സ’ എന്ന പേരില്‍ ഒന്നാം പെരുന്നാളിന് രാത്രി 8.30ന് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ദഫ് മുട്ട്, അറബന തുടങ്ങിയ പരിപാടികള്‍ക്ക് നിഷാദ് മേച്ചേരി നേതൃത്വം നല്‍കും. രണ്ടാം പെരുന്നാളിന് യു.എ.ഇയിലെ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ച് വിനോദയാത്രയും ഇസ്‌ലാമിക് സെന്‍റര്‍ ഒരുക്കിയിട്ടുണ്ട്.
കേരള സോഷ്യല്‍ സെന്‍റര്‍ ഒരുക്കുന്ന ‘ശവ്വാല്‍ നിലാവ്’ വെള്ളിയാഴ്ച രാത്രി എട്ടിന് ഗായിക യുംന അജിന്‍ നയിക്കും. സംഗീത പരിപാടിയില്‍ വിവിധ നാടുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ഫ്രണ്ട്‌സ് എ.ഡി.എം.എസ് ഒരുക്കുന്ന ‘ചെറിയ പെരുന്നാള്‍ മുട്ടും പാട്ടും’ പരിപാടി ശനിയാഴ്ച വൈകീട്ട് ഏഴിന് കേരള സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറും. കൊണ്ടോട്ടിക്കാരന്‍ ബാപ്പുട്ടിയും കൂട്ടുകാരുമാണ് നേതൃത്വം നല്‍കുക.
‘ശവ്വാലമ്പിളി പെരുന്നാള്‍ നിലാവ്' മൂന്നാം പെരുന്നാളിന് അബൂദബി മലയാളി സമാജം ഓഡിറ്റോറിയത്തില്‍ നടക്കും. പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ അവതരിപ്പിക്കുന്ന ‘ഈദിന്‍ ഇശല്‍ നാദം’ ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചിന് അബൂദബി ഇന്ത്യന്‍ ഇസ് ലാമിക് സെന്‍ററില്‍ നടക്കും. നടന്‍ പ്രേംകുമാര്‍, അനുമോള്‍, ഷാഫി കൊല്ലം, നിസ്‍ലാം കാലിക്കറ്റ് തുടങ്ങിയവര്‍ പങ്കെടുക്കും. ഡിബാന്‍ഡ് അവതരിപ്പിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഉള്‍പ്പെടെ ഗാനമേള, നൃത്തം, ഒപ്പന തുടങ്ങി വിവിധ പരിപാടികളുണ്ടാകും. ശവ്വാല്‍ നിലാവ് എന്ന പേരില്‍ അബൂദബി
ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ വി ഫോര്‍ യു ഹരിത സാംസ്‌കാരിക വേദി ശനിയാഴ്ച കലാപരിപാടികള്‍ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.