അബൂദബി: വാഹന യാത്രയിൽ കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന അപകട സാഹചര്യങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പുമായി അധികൃതർ. തണുത്ത കാലാവസ്ഥയും വാഹനങ്ങളുടെ ഡോര്‍ വിന്‍ഡോകളും റൂഫ് ടോപ്പും തുറന്നിരിക്കുന്നതും കുട്ടികളെ ശരീരം പുറത്തേക്കിടാന്‍ പ്രേരിപ്പിച്ചേക്കാമെന്നും ഇത് അവര്‍ക്ക് ഗുരുതര പരിക്കേല്‍ക്കാന്‍ ഇടയാക്കുമെന്നും അബൂദബി ഏര്‍ലി ചൈല്‍ഡ്ഹുഡ് അതോറിറ്റി ഓർമിപ്പിച്ചു.
നിരുപദ്രവകരമെന്നു തോന്നുന്ന ഈ പ്രവൃത്തികള്‍ വാഹനം സഡന്‍ ബ്രേക്കിടുമ്പോഴോ കൂട്ടിയിടിക്കുമ്പോഴോ ആണ് അപകടകരമായി മാറുന്നതെന്നും കുടുംബങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എപ്പോഴും കുട്ടികള്‍ക്കുള്ള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. വാഹനങ്ങളില്‍ കുട്ടികളെ നിരീക്ഷിക്കണമെന്നും തിരക്കേറിയ പാര്‍ക്കുകളിലും പൊതു ഇടങ്ങളിലും അവരുടെ കൈകളില്‍ പിടിക്കണമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു. പ്രായത്തിനും വലുപ്പത്തിനുമനുസരിച്ചുള്ള കാര്‍ സീറ്റുകളില്‍ ആണ് കുട്ടികള്‍ ഇരിക്കുന്നതെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം.
യു.എ.ഇ റോഡ് സുരക്ഷാ നിയമം അനുസരിച്ച് എല്ലാ യാത്രികരും സീറ്റ് ബെല്‍റ്റുകള്‍ ധരിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് പാകമായ കാര്‍ സീറ്റുകള്‍ നല്‍കുന്നത് അപകടങ്ങളില്‍ അവര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുന്നതും മരിക്കുന്നതും 50 മുതല്‍ 75 ശതമാനം വരെ കുറക്കാന്‍ സഹായിക്കുമെന്നും കാര്‍ സുരക്ഷാ സീറ്റുകളാണ് കുട്ടികളെ സംരക്ഷിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് നല്ല യാത്രാനുഭവം ഉറപ്പുവരുത്താന്‍ സുരക്ഷിതവും ആസ്വാദ്യകരവുമായ യാത്ര മാതാപിതാക്കള്‍ ആസൂത്രണം ചെയ്യുകയും ആവശ്യമുള്ളപ്പോള്‍ വിശ്രമിച്ചും ഉത്തരവാദിത്തത്തോടെ വാഹനമോടിക്കുകയും വേണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. നിര്‍ദിഷ്ട സീറ്റുകളില്‍ ഇരുന്ന് സ്കൂള്‍ ബസുകളില്‍ എങ്ങനെ സുരക്ഷിതരായിരിക്കാമെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും അതോറിറ്റി കുടുംബങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.