ജലീൽ രാമന്തളി
ദുബൈ: യു.എ.ഇയിൽ മാധ്യമപ്രവർത്തകനായിരുന്ന ജലീൽ രാമന്തളി (70) നാട്ടിൽ നിര്യാതനായി. മിഡിൽ ഈസ്റ്റ് ചന്ദ്രിക അബൂദബി ബ്യൂറോ ചീഫ് ആയിരുന്നു. അബൂദബി നാഷണൽ ഡ്രില്ലിങ് കമ്പനിയി(അഡ്‌നോക്)ൽ ജോലി ചെയ്തു കൊണ്ടിരിക്കെ തന്നെ എഴുത്തിൽ സജീവമായിരുന്നു. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാനെക്കുറിച്ച് എഴുതിയ ‘ശൈഖ് സായിദ്’ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.
നിലാത്തുള്ളികളുടെ പുരാവൃത്തം, സ്നേഹം ഒരു കടങ്കഥ, മരുഭൂമികൾ പറയുന്നതും പറയാനുള്ളതും, നഗരത്തിലെ കുതിരകൾ, ഒട്ടകങ്ങൾ നീന്തുന്ന കടൽ, അഭയം തേടി, നേർച്ച വിളക്ക്, ഇരുൾ മുറ്റിയ വഴിയമ്പലങ്ങൾ തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. ‘പ്രവാസ തുടിപ്പുകൾ’ എന്ന പുസ്തകം കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്തത്. നിരവധി സീരിയലുകൾ, ഡോക്യൂമെന്ററികൾ, ആൽബങ്ങൾ എന്നിവ നിർമിച്ചിട്ടുമുണ്ട്.
ദീർഘകാലം അബൂദബി മുസ്‌ലിം റൈറ്റേഴ്സ് ഫോറം ഭാരവാഹി, അബൂദബി തുഹ്ഫ മിഷൻ ജനറൽ കൺവീനർ, കാഞ്ഞങ്ങാട് പി.പി കുഞ്ചബ്ദുല്ല ഫൗണ്ടേഷൻ ഫോറം സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. പയ്യന്നൂർ, എട്ടിക്കുളം, രാമന്തളി, പുതിയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു. അബ്‌ദുൽ റഹിമാൻ-ആമിന ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റഹീമ. മക്കൾ: സാമിന, അമീന, സൽവ, പരേതയായ അഫീഫ. മരുമക്കൾ: സലാം കുഞ്ഞിമംഗലം, അബ്‌ദുൽ ഖാദർ, അറഫാത്ത്. മൃതദേഹം രാമന്തളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.