ദുബൈ: നൂതന സാങ്കേതികവിദ്യകളുടെയും ഭാവിയെ മുന്നിൽക്കണ്ടുള്ള മികച്ച പദ്ധതികളുടെയും കാര്യത്തിൽ ആഗോള തലത്തിൽ തന്നെ മികച്ച മാതൃകയായി ദുബൈ ജി.ഡി.ആർ.എഫ്.എ. ഭാവിയെ മുൻകൂട്ടി കണ്ട് തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിനായി ആരംഭിച്ച ‘ഫ്യൂച്ചർ ഡിസൈൻ സിസ്റ്റം’ എന്ന പദ്ധതിയുടെ വിജയമാണ് ദുബൈരാജ്യാന്തര വിമാനത്താവളത്തിലെ ‘റെഡ് കാർപെറ്റ്’ സംരംഭം. 2015ൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ 2025-ഓടെ 95.6 ശതമാനം ഭാവി സജ്ജീകരണങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞു.
കൂടാതെ, ലോകത്താദ്യമായി ‘ഫ്യൂച്ചർ സ്റ്റഡീസ് ക്വാളിറ്റി അസസ്‌മെന്‍റ് സെന്‍റർ’ ആരംഭിച്ചതും ജി.ഡി.ആർ.എഫ്.എ ആണ്. ഭാവി പദ്ധതികളെക്കുറിച്ചുള്ള പഠനങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ‘ഇന്നവേറ്റേഴ്‌സ് സ്പോൺസർഷിപ്പ് പ്രോഗ്രാമി’ലൂടെ 158 ജീവനക്കാർ പരിശീലനം പൂർത്തിയാക്കി.
ഇവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് 29 പുതിയ പദ്ധതികൾ വികസിപ്പിക്കാനായി. സ്ഥാപനത്തിന്‍റെ പ്രവർത്തന മികവ് അളക്കുന്നതിനായി ‘ഇന്നവേഷൻ എനേബ്ലേഴ്സ് മെച്യൂരിറ്റി പ്രോഗ്രാമും’ നടപ്പിലാക്കി.
ഗ്ലോബൽ ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് സംഘടിപ്പിച്ച ഗ്ലോബൽ ഇന്നവേഷൻ ഉച്ചകോടിയിൽ പങ്കെടുത്ത ജി.ഡി.ആർ.എഫ്.എ നാല് ആഗോള പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. നയരൂപീകരണത്തിനും തീരുമാനങ്ങൾ എടുക്കുന്നതിനും സഹായകമായ രീതിയിൽ അറിവുകളെ മാറ്റിയെടുക്കുന്ന ലേണിങ് ആൻഡ് നോളജ് പ്രൊഡക്ഷൻ മാനേജ്മെന്റ് സിസ്റ്റം വഴി 450ലധികം പുതിയ ആശയങ്ങളാണ് രൂപപ്പെട്ടത്.
റോച്ചസ്റ്റർ സർവകലാശാലയുമായി സഹകരിച്ച് അക്കാദമിക ഗവേഷണങ്ങളെ പ്രായോഗിക തലത്തിൽ എത്തിക്കുന്നതിനുള്ള ബിസിനസ് ഇൻകുബേറ്റർ പ്രോഗ്രാമും നടപ്പിലാക്കി. ഇതിലൂടെ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന 10 പുതിയ പ്രൊജക്റ്റുകൾക്ക് തുടക്കം കുറിക്കാനായി. പുതിയ തലമുറയെ വാർത്തെടുക്കുന്നതിനായി സാങ്കേതികവിദ്യയും നേതൃത്വപാടവവും സമന്വയിപ്പിച്ചുകൊണ്ട് ‘ടുമാറോസ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം’ ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം യു.എ.ഇ വിഷൻ 2071ന്‍റെ ഭാഗമായി ദീർഘകാല ലക്ഷ്യങ്ങളോടെ ‘ജി.ഡി.ആർ.എഫ്.എ ദുബൈ സെന്‍റീനിയൽ ഇനിഷ്യേറ്റീവിനും രൂപം നൽകി.
ജീവിതത്തിനും ജോലിക്കും ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബൈയെ മാറ്റുക എന്ന ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ജി.ഡി.ആർ.എഫ്.എയുടെ ഈ മുന്നേറ്റങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.