ദുബൈ മെട്രോ ഗോൾഡ് ലൈൻ പദ്ധതി സംബന്ധിച്ച് ശൈഖ് മുഹമ്മദിന് ഉദ്യോഗസ്ഥൻ വിവരിച്ചു നൽകുന്നു
ദുബൈ: മേഖലയിൽ തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളെയെല്ലാം വകഞ്ഞുമാറ്റി ഗതാഗത രംഗത്ത് വീണ്ടും കുതിക്കാൻ ഒരുങ്ങുകയാണ് ദുബൈ. ബ്ലൂ ലൈനിന് പിന്നാലെ ദുബൈ മെട്രോയുടെ ഗോൾഡ് ലൈൻ കൂടി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അൽ ഗുബൈബ മുതൽ ജുമൈറ ഗോൾഡ് എസ്റ്റേറ്റുകൾ വരെ 42 കിലോമീറ്റർ നീളത്തിലാണ് പുതിയ മെട്രോ ലൈൻ വരുന്നത്. 40 മീറ്റർ താഴ്ചയിൽ പൂർണമായും ഭൂമിക്കടിയിലൂടെയായിരിക്കും പാതയുടെ സഞ്ചാരം. നഗരത്തിലെ തന്ത്രപ്രധാനമായ 15 സ്ഥലങ്ങളിലൂടെ പുതിയ പാത കടന്നുപോകും. 3400 കോടി ദിർഹമാണ് പദ്ധതിയുടെ ആകെ ചെലവ്. നിലവിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന നഗരത്തിലെ 55 മേഖലകളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതിയ ലൈനിന്‍റെ രൂപകൽപന. ഏതാണ്ട് 15 ലക്ഷം താമസക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ബർ ദുബൈ, സത്വ, മെയ്ദാൻ, അൽബർഷ സൗത്ത്, ജുമൈറ വില്ലേജ് ട്രിയാംഗ്ൾ, പ്രൊഡക്ഷൻ സിറ്റി തുടങ്ങിയ പ്രധാന സ്ഥലങ്ങളുമായി പാതയെ ബന്ധിപ്പിക്കും. റെഡ്, ഗ്രീൻ ലൈനുകളോട് ചേർന്ന് മൂന്ന് ജങ്ഷനുകളുണ്ടാകും. കൂടാതെ ബിസിനസ് ബേ, അൽ ഗുബൈബ, ജുമൈറ ഗോൾഡ് എസ്റ്റേറ്റ്സ് എന്നിവയുമായി ബന്ധിപ്പിക്കും. ദുബൈയിലെ ഏറ്റവും വലിയ ഗതാഗത പദ്ധതിയായി വിശേഷിപ്പിക്കുന്ന ഗോൾഡ് ലൈൻ 2032 സെപ്റ്റംബർ ഒമ്പതിന് പൂർത്തിയാകും. ദുബൈയെ ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിനുള്ള നാഴികക്കല്ലാണ് മെട്രോ ഗോൾഡ്ലൈൻ പദ്ധതിയെന്ന് എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
മെട്രോ ഗോൾഡ് ലൈൻ പദ്ധതിയുടെ രൂപരേഖ
പദ്ധതി പൂർണമായും പ്രവർത്തനക്ഷമമായാൽ 2040 ആകുമ്പോഴേക്കും പ്രതിദിനം 4,65,000 യാത്രക്കാർക്ക് സേവനം നൽകുമെന്നാണ് പ്രതീക്ഷ. എമിറേറ്റിന്‍റെ വർധിച്ചുവരുന്ന ആവശ്യകളേയും നഗര ജനസംഖ്യ വർധവിനെയും പദ്ധതി പിന്തുണയേകും. ടണൽ ബോറിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പദ്ധതിയിൽ നിലവിലുള്ള മെട്രോ തുരങ്കങ്ങളേക്കാൾ ഇരട്ടി വലിപ്പമുള്ള ഭൂഗർഭ ട്രാക്കാണ് ഉപയോഗിക്കുക. സാമ്പത്തിക രംഗത്തെ ശക്തമായ വളർച്ച കൈവരിക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്നാണ് കരുതുന്നത്. 20 വർഷത്തിനുള്ളിൽ 430 ശതമാനം വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മെട്രോ ബ്ലൂലൈനിന്‍റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 2029 സെപ്റ്റംബർ ഒമ്പതിന് ബ്ലൂലൈനിന്‍റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 2009 സെപ്റ്റംബർ ഒമ്പതിനാണ ദുബൈയിൽ ആദ്യ മെട്രോ സ്ഥാപിതമാകുന്നത്. രണ്ട് വർഷത്തിന് ശേഷം 2011ൽ സെപ്റ്റംബർ ഒമ്പതിന് ബ്ലൂ ലൈനിനും തുടക്കമായി. ഗോൾഡ് ലൈൻ യാഥാർഥ്യമാകുന്നതോടെ 2032 സെപ്റ്റംബർ ഒമ്പതിന് ഗതാഗത രംഗത്ത് മറ്റൊരു ചരിത്രത്തിന് കൂടിയാണ് ദുബൈ നഗരം കാതോർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.