ഷാർജ: എമിറേറ്റിലെ കുട്ടികളിൽ ദേശീയ മൂല്യങ്ങളും സാംസ്‌കാരിക അവബോധവും വളർത്താനായി നൂതന സംരംഭത്തിന് തുടക്കമിട്ട് ഷാർജ. കിന്‍റർഗാർട്ടൻ സ്‌കൂളുകളിൽ നിന്നുള്ള 600 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് സംരംഭത്തിന്‍റെ തുടക്കം. ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ (സി.എസ്.ഒ) നേതൃത്വത്തിലാണ് സംരംഭം നടപ്പാക്കുന്നത്. യു.എ.ഇയിൽ നേരിട്ടുള്ള പഠനം പുനരാരംഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടികൾക്കുള്ള സാമൂഹികാധിഷ്ഠിത സംരംഭം നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് അധികൃതർ ദേശീയ പതാകകളും ചിഹ്നങ്ങളും സമ്മാനിച്ചു. പൊതു-സ്വകാര്യ സ്‌കൂളുകളുടെ പങ്കാളിത്തത്തോടെയാണ് സംരംഭം നടപ്പാക്കുന്നത്. കുട്ടികൾക്ക് രാജ്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള രൂപകൽപ്പനകൾ നിർമിച്ച് പ്രദർശിപ്പിക്കും.
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന്‍റെ ഭാഗമായാണ് കിന്‍റർഗാർട്ടൻ സ്‌കൂളുകളിൽ നിന്നും സംരംഭം ആരംഭിച്ചത്. കുട്ടികൾക്ക് തിരിച്ചറിവ് ഉണ്ടാവുകയും സാമൂഹിക ബന്ധം രൂപപ്പെടുകയും ആത്മവിശ്വാസം വർധിക്കാനും സംരംഭംകൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തൽ. സംരംഭവുമായി അതത് സ്‌കൂളുകളും സഹകരിക്കും.
രാജ്യം എന്ന ആശയം സുരക്ഷ, സന്തോഷം പങ്കിടൽ, ദേശീയ പതാക, ചിഹ്നം എന്നിവയിലൂടെയും കുട്ടികൾക്ക് എളുപ്പം മനസിലാക്കാൻ സാധിക്കുമെന്ന് സി.എസ്.ഒ. ഡയറക്ടർ ജനറൽ ഹനാദി സാലിഹ് അൽ യാഫി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഒട്ടേറെ സാംസ്‌കാരിക , വിദ്യാഭ്യാസ സെഷനുകൾ, ശിൽപശാലകൾ, കലാ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കും. ഇതുവഴി കുട്ടികളിൽ ദേശീയബോധവും സാമൂഹിക ഉത്തരവാദിത്ത ബോധവുമുണ്ടാകും.
യു.എ.ഇയുടെ ഭാവിതലമുറയെ വളർത്തിയെടുക്കുക എന്നതാണ് സി.എസ്.ഒ. സംരംഭത്തിന്‍റെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.