റാസല്‍ഖൈമ: സേവന മേഖലകളില്‍ പുതു ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കുമെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി പറഞ്ഞു. രാജ്യത്തെ ക്ഷേമ വികസന പദ്ധതികള്‍ സുസ്ഥിരമായി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികളില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധികൃതര്‍ നവീന ആശയങ്ങള്‍ തേടുന്നത്. 1,40,000 ദിര്‍ഹമാണ് ‘ഇന്നോവേഷന്‍ പയനീര്‍ അവാര്‍ഡാ’യി വിതരണം ചെയ്യുകയെന്ന് റാക് പൊലീസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ അധികൃതര്‍ വിശദീകരിച്ചു. സ്കൂള്‍ - കോളജ് തല വിദ്യാര്‍ഥികളില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും പുരസ്കാരങ്ങള്‍.
വിവിധ വിഭാഗങ്ങളിലായി തിരിച്ച് നവംബര്‍ 15 മുതല്‍ ഡിസംബര്‍ ആറ് വരെയായിരിക്കും വിദ്യാര്‍ഥികള്‍ക്കിടയിലും ജീവനക്കാര്‍ക്കിടയിലും മൂല്യ നിര്‍ണയം നടക്കുക. ക്യാഷ് പ്രൈസിന് പുറമെ പ്രശസ്തി ഫലകവും സാക്ഷ്യപത്രവും വിജയികള്‍ക്ക് സമ്മാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവിധ ഉദ്യോഗസ്ഥരും പ്രതിനിധികളും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.