റാസൽഖൈമ: വെല്ലുവിളികളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഫലപ്രദമായി നേരിടുന്നതിന് സമഗ്രമായ സ്മാർട്ട് സംവിധാനം വികസിപ്പിച്ചതായി റാക് പൊലീസ്. നിരീക്ഷണം, വിശകലനം, വേഗത്തിലുള്ള പ്രതികരണം എന്നിവ ഏകോപിപ്പിച്ചുള്ള സംവിധാനം സ്മാർട്ട് സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. സംവിധാനം തന്ത്രപരവും പ്രവർത്തനപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് റാക് പൊലീസ് സെൻട്രൽ ഓപ്പറേഷൻസ് ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. യൂസഫ് സാലിം ബിൻ യാകൂബ് പറഞ്ഞു. സ്മാർട്ട് സംവിധാനം ‘ഹോട്ട് സ്പോട്ടു’കൾ മുൻകൂട്ടി പ്രവചിക്കുന്നതിലും പട്രോളുകളും നിരീക്ഷണ ക്യാമറകളും ഓപ്പറേഷൻസ് റൂമുകളുമായി ബന്ധിപ്പിക്കുന്നതിനും സഹായിക്കും. ഇതുവഴി പ്രതികരണ സമയം കുറക്കാനും അപകടസാധ്യതകൾ നിയന്ത്രിക്കാനും സാധിക്കുകയും ചെയ്യും. റോഡ് സുരക്ഷ, സ്മാർട്ട് വാഹനങ്ങൾ, സ്വയം നിയന്ത്രിത പട്രോളിങ് വാഹനങ്ങൾ, എർലി വാർണിങ് സിസ്റ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നവീന പദ്ധതികളിലൂടെ സംവിധാനത്തിന്റെ ഫലപ്രാപ്തി ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്. സമൂഹത്തിന് മുൻകരുതലോടെയും സജീവമായും സേവനങ്ങൾ നൽകുന്നതിനുള്ള സ്മാർട്ട് പ്ലാറ്റ്ഫോമുകളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമാണ്.
ഇത്തരം ആധുനിക സംവിധാനങ്ങൾ അവതരിപ്പിക്കുന്നത് വഴി റാക് പൊലീസ് നിർമിത ബുദ്ധിയുടെയും അതിന്റെ വിവിധ സാങ്കേതിക പ്രയോഗങ്ങളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ്. നവീന സംവിധാനങ്ങൾ ഉയർന്ന നിലവാരത്തിലും വേഗതയിലും സേവനങ്ങൾ നൽകുകയും പൊതുജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുകയും ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുമെന്നും ഡോ. യുസുഫ് സലിം ബിൻ യാകൂബ് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.