റാസല്‍ഖൈമ: എമിറേറ്റിൽ ഗതാഗത നിയമലംഘനത്തെ തുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്കുള്ള പിഴകളില്‍ വര്‍ധനയും ശിക്ഷനടപടികള്‍ കര്‍ശനമാക്കിയും പുതിയ നിർദേശങ്ങള്‍ പുറപ്പെടുവിച്ച് റാക് എക്സിക്യൂട്ടിവ് കൗണ്‍സില്‍. മാര്‍ച്ച് ഒന്നു മുതല്‍ റാക് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ചെയര്‍മാനായ റാക് എക്സിക്യൂട്ടിവ് കൗണ്‍സിലിന്റെ പരിഷ്കരണം റാസല്‍ഖൈമയില്‍ പ്രാബല്യത്തിലാകും.
മുന്‍കൂര്‍ അനുമതിയില്ലാതെ റേസിങ്, പരേഡ് തുടങ്ങിയവ നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 15 മുതല്‍ 20 ദിവസം വരെ കണ്ടുകെട്ടുകയും ചെയ്യും. വാഹനങ്ങള്‍ നേരത്തേ വിട്ടുകിട്ടണമെങ്കില്‍ 1000 മുതല്‍ 10,000 ദിര്‍ഹംവരെ നല്‍കേണ്ടിവരും. തെറ്റായ നമ്പറുകള്‍ ഉപയോഗിക്കുകയും നമ്പര്‍ േപ്ലറ്റുകള്‍ ഇല്ലാതെയും നിരത്തിലിറക്കുന്ന വാഹനങ്ങള്‍ 120 ദിവസത്തേക്ക് കണ്ടുകെട്ടും. നേരത്തെ വിട്ടുനല്‍കണമെങ്കില്‍ നിയമലംഘകര്‍ 20,000 ദിര്‍ഹമാണ് നല്‍കേണ്ടിവരുക.
മോട്ടോര്‍ സൈക്കിള്‍ ഉള്‍പ്പെടെയുള്ളവ വേഗവും ശബ്ദവും വര്‍ധിപ്പിക്കുന്നതിനും മറ്റും ഘടനയില്‍ മാറ്റംവരുത്തി നിരത്തിലിറക്കിയാല്‍ 60 ദിവസത്തേക്ക് കണ്ടുകെട്ടും. വാഹനം നേരത്തെ വിട്ടുകിട്ടണമെങ്കില്‍ 5,000 ദിര്‍ഹമാണ് നല്‍കേണ്ടിവരുക. പരിസ്ഥിതിക്കും വിനോദമേഖലക്കും നാശം സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാക്കുന്ന വാഹനങ്ങള്‍ 30 ദിവസത്തേക്ക് കണ്ടുകെട്ടും.
നേരത്തേ വിട്ടുകിട്ടണമെങ്കില്‍ 3000 ദിര്‍ഹമാണ് പിഴ നിശ്ചയിച്ചത്. ഈ മേഖലയില്‍ നിയമലംഘനം ആവര്‍ത്തിക്കുന്ന വാഹനങ്ങള്‍ 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും വിട്ടുകിട്ടണമെങ്കില്‍ 6000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്യുമെന്നും പുതുക്കിയ നിർദേശത്തില്‍ പറയുന്നു.
അപകടമുണ്ടാക്കുകയും ആളുകള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നതുമായ അവസ്ഥകള്‍, വാഹനമോടിക്കാന്‍ അംഗീകാരമില്ലാത്ത സ്ഥലങ്ങള്‍ തുടങ്ങിയവക്ക് 90 ദിവസമായിരിക്കും വാഹനം കണ്ടുകെട്ടുക. 3000 ദിര്‍ഹം റിലീസ് തുകയും നിയമലംഘനം ആവര്‍ത്തിച്ചാല്‍ 120 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും 6000 ദിര്‍ഹം റിലീസ് തുക നല്‍കേണ്ടിവരുകയും ചെയ്യും.
പൊതു-സ്വകാര്യ നിരത്തുകള്‍ക്ക് സമീപവും അലക്ഷ്യമായും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പും പുതിയ നിർദേശങ്ങളിലുണ്ട്.
നിശ്ചിത സ്ഥലങ്ങളിലല്ലാതെ വില്പന വാഗ്ദാനംചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യവും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചടങ്ങുകളില്‍ ഉള്‍പ്പെടുത്തി. 1995ലെ ഗതാഗത നിയമങ്ങളിലെ പരിഷ്കരണമാണ് ശൈഖ് മുഹമ്മദ് ബിന്‍ സഊദിന്റെ നിർദേശത്തോടെ എക്സിക്യൂട്ടിവ് കൗണ്‍സില്‍ നടത്തിയതെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്അവാന് അല്‍ നുഐമി പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ ചട്ടക്കൂടിനുള്ളില്‍ നിന്നുള്ള പരിഷ്കരണം ആധുനിക ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് സുരക്ഷിതമായ റോഡ് ഗതാഗതം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റു പ്ലാറ്റ്ഫോമുകളിലൂടെയും വാഹന ഉപഭോക്താക്കള്‍ക്ക് അവബോധം നല്കി ഭേദഗതിചെയ്ത എക്സിക്യൂട്ടിവ് ചട്ടങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ റാക് പൊലീസ് പൂര്‍ത്തിയാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.