അജ്മാൻ യൂനിവേഴ്സിറ്റി സംഘടിപ്പിച്ച സിംപോസിയത്തിൽ പങ്കെടുക്കുന്ന യു.എ.ഇയുടെ
സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി
അജ്മാൻ: അൽ തമീമി ആൻഡ് കമ്പനിയുടെ പങ്കാളിത്തത്തിൽ അജ്മാൻ യൂനിവേഴ്സിറ്റി ഉന്നത തല എക്സിക്യൂട്ടിവ് എജുക്കേഷൻ സിംപോസിയം സംഘടിപ്പിച്ചു. ബാങ്കിങ്, നിക്ഷേപം, ബഹുരാഷ്ട്ര കമ്പനികൾ, ഗവൺമെന്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ 200ലധികം ചീഫ് ഓപറേറ്റിങ് ഓഫിസർമാർ (സി.ഇ.ഒ) സിംപോസിയത്തിൽ പങ്കെടുത്തു. യു.എ.ഇയുടെ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി സിംപോസിയത്തെ അഭിസംബോധനചെയ്തു. ഭാവി സാമ്പത്തിക അജണ്ടയുമായി യു.എ.ഇ മുന്നോട്ടുപോകുമ്പോൾ നേതൃനിരയിൽ ശേഷിയുള്ളവരുടെ ആവശ്യകത വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ദ്രുതഗതിയിലുള്ള മാറ്റം, സാങ്കേതിക തടസ്സങ്ങൾ, ആഗോളബന്ധം എന്നിവയിലൂടെ രൂപപ്പെട്ട പുതിയ സാഹചര്യത്തിൽ പൊരുത്തപ്പെടുത്തൽ, ദീർഘവീക്ഷണം എന്നിവ അനിവാര്യമായ നേതൃ ഗുണങ്ങളാണ്. ആത്മവിശ്വാസത്തോടെ മികച്ച തീരുമാനങ്ങൾ എടുക്കാനും ദീർഘകാല ദേശീയ അഭിലാഷങ്ങളെ നടപ്പാക്കാനും കഴിയുന്ന നേതാക്കളെയാണ് പുതിയ കാലം കൂടുതലായി ആശ്രയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മുന്നേറുന്ന സമ്പദ്വ്യവസ്ഥക്ക് മികവുറ്റ നൈപുണ്യം’ എന്ന തലക്കെട്ടിൽ നടത്തിയ സിംപോസിയത്തിൽ ഇൻസീഡ് ആൻഡ് നോർത്ത് വെസ്റ്റേൺ യൂനിവേഴ്സിറ്റിയുടെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റ് മുൻ ഡീനും ആഗോള ചിന്തകനുമായ ഡോ. ദീപക് സി. ജെയ്ൻ മുഖ്യപ്രഭാഷണം നടത്തി. അജ്മാൻ യൂനിവേഴ്സിറ്റി എക്സിക്യൂട്ടിവ് എജുക്കേഷൻ പ്ലാറ്റ്ഫോം സിംപോസിയത്തിൽ ഉദ്ഘാടനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.