ദുബൈ എക്സ്പോ സിറ്റിയിലെ റമദാൻ പീരങ്കി(ഫയൽ)
ദുബൈ: റമദാനിൽ ഇമാറാത്തി പൈതൃകത്തിന്റെ ഭാഗമായി ഒരുക്കിവരുന്ന പീരങ്കി മുഴക്കുന്ന ചടങ്ങ് ഇത്തവണ ദുബൈയിൽ 33 സ്ഥലങ്ങളിൽ അരങ്ങേറും. എല്ലാ വർഷവും നിരവധി താമസക്കാരെയും വിനോദ സഞ്ചാരികളെയും ആകർഷിക്കാറുള്ള ചടങ്ങിന്റെ വിവരങ്ങൾ വ്യാഴാഴ്ച ദുബൈ എക്സ്പോ സിറ്റിയിൽ നടന്ന വാർത്തസമ്മേളനത്തിലാണ് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇഫ്താർ സമയത്താണ് പീരങ്കി മുഴക്കാറുള്ളത്. ഇത്തവണ ആറ് സ്ഥലങ്ങളിൽ സ്ഥിരം പീരങ്കിയും വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് മൊബൈൽ പീരങ്കിയുമാണുണ്ടാവുക.
എമിറേറ്റിലെ സുപ്രധാന വിനോദസഞ്ചാര ആകർഷണ കേന്ദ്രങ്ങൾക്ക് സമീപത്തായാണ് സ്ഥിരം പീരങ്കികൾ സ്ഥാപിക്കുന്നത്. എക്സ്പോ സിറ്റി ദുബൈയാണ് പ്രധാനപ്പെട്ട പീരങ്കി സ്ഥാപിക്കുന്ന സ്ഥലം. വിദ ക്രീക്ക് ഹാർബർ, ജുമൈറ ബീച്ച് റെസിഡന്റ്സ്, ദുബൈ ഫെസ്റ്റിവൽ സിറ്റി, ബുർജ് ഖലീഫ, ദമാക് ഹിൽസ് എന്നിവിടങ്ങളിലും സ്ഥിരം പീരങ്കി മുഴങ്ങും. രണ്ട് മൊബൈൽ പീരങ്കികളാണുണ്ടാവുക -ഒന്ന് ദുബൈ നഗരത്തിലും മറ്റൊന്ന് മലയോര പ്രദേശമായ ഹത്തയിലും. ദുബൈയിൽ 16 സ്ഥലങ്ങളിലാണ് മൊബെൽ പീരങ്കി സഞ്ചരിക്കുക. മെയ്ദാൻ ഹോട്ടൽ, സത്വ ഗ്രാൻഡ് മോസ്ക്, സഅബീൽ പാർക്ക്, ജുമൈറ, ഗ്ലോബൽ വില്ലേജ് തുടങ്ങിയ സുപ്രധാന സ്ഥലങ്ങൾ ഇതിലുൾപ്പെടും. ഹത്തയിലെ താമസകേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമടക്കം 11 സ്ഥലങ്ങളിലാണ് രണ്ടാമത്തെ മൊബൈൽ പീരങ്കി സഞ്ചരിക്കുക. ആദ്യമായാണ് ഹത്തയിൽ മൊബൈൽ പീരങ്കിയെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.ഈ വർഷം യു.എ.ഇയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന 1960കളിലെ രണ്ട് വിന്റേജ് ഫ്രഞ്ച് പീരങ്കികൾ ഇഫ്താർ സമയത്തും ഈദ് ആഘോഷവേളയിലും വെടിക്കെട്ടിന് ഉപയോഗിക്കും. ഈ പീരങ്കികൾ 170 ഡെസിബെൽ ശബ്ദമുണ്ടാക്കുന്നതാണ്. 10 കി.മീ. അകലെനിന്ന് വരെ ഇതിന്റെ ശബ്ദം കേൾക്കാൻ കഴിയും. ഇമാറാത്തി പൈതൃകത്തെ ആഘോഷിക്കുന്ന ഒരു അനുഭവമായ എക്സ്പോ സിറ്റിയുടെ ‘റമദാൻ ജില്ല’യുടെ തിരിച്ചുവരവും ഇത്തവണത്തെ പ്രത്യേകതയാണ്. റമദാൻ മാസം മുഴുവൻ സമൂഹികബന്ധവും ആഘോഷങ്ങളും ഉൾപ്പെടുന്ന സാംസ്കാരിക പരിപാടികൾ ജില്ലയിൽ നടക്കും.
ദുബൈ പൊലീസ് കമ്യൂണിറ്റി ഹാപ്പിനെസ് ജനറൽ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രി. അലി ഖൽഫാൻ അൽ മൻസൂരി, സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിനൻ വകുപ്പ് ഡയറക്ടർ ബ്രി. അലി സാലിം അൽ ശംസി, റമദാൻ ഇഫ്താർ പീരങ്കികളുടെ കമാൻഡർ ലഫ്. കേണൽ അബ്ദുല്ല താരിഷ് അൽ അമീമി, എക്സ്പോ സിറ്റി ദുബൈ സ്ട്രാറ്റജി ആൻഡ് പ്ലാനിങ് സീനിയർ ഡയറക്ടർ അഫ്റ അൽ സുവൈദി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.