റാസല്‍ഖൈമ: സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായ ജബല്‍ ജൈസില്‍ വെള്ളിയാഴ്ച്ച നടക്കുന്ന സംഗീത നിശയുടെ വിജയകരമായ നടത്തിപ്പിന് പ്രത്യേക ക്രമീകരണങ്ങളുമായി റാക് പൊലീസ്. സമുദ്രനിരപ്പില്‍ നിന്ന് 1,600 മീറ്റര്‍ ഉയരത്തില്‍ ഒരുക്കിയിട്ടുള്ള വേദിയില്‍ നടക്കുന്ന സംഗീത വിരുന്നിലേക്ക് പാസ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. നാളെ രാവിലെ മുതല്‍ ജബല്‍ ജൈസിലേക്ക് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നതായും അധികൃതര്‍ അറിയിച്ചു. സംഗീത നിശക്കെത്തുന്നവര്‍ക്ക് വൈകുന്നേരം 4.30 മുതല്‍ പ്രവേശനം അനുവദിക്കും. വാഹനങ്ങള്‍ക്ക് മലനിരക്ക് താഴെ പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് പ്രത്യേക ബസിലാണ് വേദിയിലേക്ക് സന്ദര്‍ശകരെ എത്തിക്കുക. യു.എ.ഇയില്‍ മലനിരയില്‍ ആദ്യമായാണ് വിപുലമായ സംഗീത പരിപാടി ഒരുക്കുന്നത്. വിവാല്‍ഡിയാനോ എന്ന ത്രിമാന സംഗീത നിശയുടെ ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി പങ്കെടുക്കും. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഓരോ വര്‍ഷവും റാസല്‍ഖൈമയില്‍ രേഖപ്പെടുത്തുന്നത്. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ലോക വിനോദ ഭൂപടത്തിലെ സുപ്രധാന സ്ഥലമായി റാസല്‍ഖൈമയെ രേഖപ്പെടുത്തുന്നതിനും സംഗീത വിരുന്നിലൂടെ കഴിയുമെന്ന് റാക് ടൂറിസം വികസന വകുപ്പ് സി.ഇ.ഒ ഹൈത്തം മത്താര്‍ അഭിപ്രായപ്പെട്ടു. പരിപാടിയുടെ സുരക്ഷിതമായ നടത്തിപ്പിനായി ചേര്‍ന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല അലി മുന്‍ഖസ് അധ്യക്ഷത വഹിച്ചു. ബ്രിഗേഡിയര്‍ ജനറല്‍ സുലൈമാന്‍ മുഹമ്മദ് അല്‍ കെയ്സി, റാഷിദ് സുവൈദന്‍ അല്‍ ഖാത്തിരി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.