ദുബൈ: രക്ഷിതാക്കളെ, മക്കളുടെ കഴിവുകളെക്കുറിച്ചും കളിചിരികളെക്കുറിച്ചും മറ്റുള്ളവരോട് അഭിമാനപൂർവം പറയുകയും അവരുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ലൈക്കുകളും കമൻറുകളും കണ്ട് സന്തോഷിക്കുകയും ചെയ്യുന്നുണ്ടാവും ഒാരോ രക്ഷിതാവും. പക്ഷെ അവരുടെ സുരക്ഷയുടെ കാര്യത്തിൽ നിങ്ങൾ എത്രമാത്രം ശ്രദ്ധപുലർത്തുന്നുണ്ട് എന്ന് ഒരിക്കൽ കൂടി സ്വയം ചോദിച്ചു നോക്കുക. ഷാർജയിൽ കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി പോയ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ കണ്ടത് അവളുടെ മൃതദേഹമാണ്. വീടിെൻറ ഏറ്റവും പ്രാധാന്യവും ഭംഗിയുമുള്ള ഭാഗങ്ങളാണ് ജനാലകളും ബാൽക്കണികളും കോണിപ്പടികളുമെല്ലാം^ പക്ഷെ അവ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഭീഷണിയാവില്ല എന്ന് ഉറപ്പുവരുത്തിയാലേ അത് യഥാർഥ ഭംഗിയാവൂ.
പൊലീസ്, സിവിൽ ഡിഫൻസ്, നഗരസഭാ അധികാരികൾ ആവർത്തിച്ച് മുന്നറിയിപ്പും നിർദേശങ്ങളും നൽകിയിട്ടും രക്ഷിതാക്കൾ അതു ഗൗരവത്തിലെടുക്കുന്നുവോ എന്ന് സംശയമാണ്. നീന്തൽകുളങ്ങളിൽ കുഞ്ഞുങ്ങളെ തനിച്ചു വിടുന്നതാണ് മറ്റൊരു അപകടം. കുട്ടികൾക്ക് നീന്തൽ അറിയാം എന്ന് എത്ര ഉറപ്പുണ്ടെങ്കിലും ആരോഗ്യവും നീന്തൽ മികവുമുള്ള മുതിർന്ന ഒരാളുടെ സാന്നിധ്യത്തിൽ മാത്രമേ അവരെ നീന്താൻ അയക്കാവൂ.
വാഹനങ്ങളിൽ കുഞ്ഞുങ്ങളെ തനിച്ചിരുത്തി പോകുന്നത് ശ്വാസം മുട്ടിയുള്ള മരണത്തിനും തട്ടിക്കൊണ്ടുപോവലിനും കാരണമായേക്കാം. തീ പിടിക്കുന്ന വസ്തുക്കൾ, മരുന്നുകൾ, മൂർച്ചയുള്ള വസ്തുക്കൾ ഇവയെല്ലാം കുട്ടികളുടെ കൈയിൽ കിട്ടാത്ത സ്ഥലത്തു തന്നെ സൂക്ഷിക്കണം. സ്കൂൾ വർഷം തുടങ്ങാറായതോടെ കണ്ണും കാതും തുറന്നു വെച്ച് ജാഗ്രതയോടെ കാവലിരുന്നാൽ മാത്രമേ കാര്യമുള്ളൂ.
ബാലിക 19ാം നിലയിൽ നിന്ന് വീണു മരിച്ചു
ഷാർജ: വീട്ടിൽ തനിച്ചായിരുന്ന അഞ്ചു വയസുകാരി കെട്ടിടത്തിെൻറ 19ാം നിലയിൽ നിന്ന് വീണ് തൽക്ഷണം മരിച്ചു. ഷാർജ ബുഹൈറ മേഖലയിലാണ് നാടിനെ നടുക്കി അമേരിക്കൻ ബാലികയുടെ മരണം സംഭവിച്ചത്. വിവരം ആരോ വിളിച്ചറിയിച്ചതിനെ തുടർന്ന് ആംബുലൻസും പൊലീസ് പട്രോൾ സംഘവും കുതിച്ചെത്തി അൽ ഖാസിമിയ്യ ആശുപത്രിയിൽ കെണ്ടുപോയപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
രക്ഷിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് തടിക്കഷ്ണത്തിൽ കയറി നിന്ന് കാഴ്ചകൾ കാണുന്നതിനിടെയാണ് ഇൗ കുഞ്ഞുമോൾ വീണുപോയത്. രക്ഷിതാക്കളെ ചോദ്യം ചെയ്ത പൊലീസ് കുഞ്ഞുങ്ങളുടെ സുരക്ഷയിലും സംരക്ഷണത്തിലും കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.