ദുബൈ: ഈ വർഷം ആദ്യ ആറുമാസത്തിൽ എമിറേറ്റിലെ പ്രോപ്പർട്ടി ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വർധന രേഖപ്പെടുത്തി.
ഇടപാടുകളുടെ എണ്ണം 26 ശതമാനമാണ് വർധിച്ചിരിക്കുന്നത്. നിരവധി വാടകക്കാർ നിക്ഷേപത്തിന് സന്നദ്ധമാകുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. 59,000 പുതിയ നിക്ഷേപകരാണ് മേഖലയിലേക്ക് ഈ കാലയളവിൽ എത്തിച്ചേർന്നിട്ടുള്ളത്. ഇവരിൽ നിരവധി താമസക്കാരും ഉൾപ്പെടും. ആറുമാസത്തിൽ ആകെ 1,25,538 ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ 99,947 ഇടപാടുകൾ മാത്രമാണ് നടന്നതെന്നും ദുബൈ മീഡിയ ഓഫിസ് പുറത്തുവിട്ട ദുബൈ ലാനഡ് വകുപ്പിന്റെ കണക്കുകളിൽ വ്യക്തമാകുന്നു.
ഇടപാടുകളുടെ മൂല്യം 25 ശതമാനമാണ് ഉയർന്നിട്ടുള്ളത്. ആകെ 431 ബില്യൻ ദിർഹമിന്റെ ഇടപാടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിപണയിൽ ശക്തമായ വളർച്ച തുടരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റിയൽ എസ്റ്റേറ്റ് വിൽപനകൾ, പാട്ടം, മറ്റു ഇടപാടുകൾ എന്നിവയെല്ലാം ചേർന്ന് ആകെ എണ്ണം 13 ലക്ഷത്തിലേറെ വരും. പുതിയ നിക്ഷേപകരിൽ 45 ശതമാനമാണ് യു.എ.ഇയിലെ താമസക്കാരായിട്ടുള്ളവർ. വാടകക്കാർ ഉടമകളായി മാറുന്നതായാണ് ഈ വളർച്ച വ്യക്തമാക്കുന്നത്. അതോടൊപ്പം ദീർഘകാലത്തേക്ക് ദുബൈ വിപണി ആകർഷകമാണെന്ന വിലയിരുത്തലും വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷങ്ങളിലായി ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി അതിവേഗത്തിലാണ് വളർന്നുവരുന്നത്. വിരമിച്ചവർക്ക് താമസവിസ, വിദൂരജോലിക്കാർക്ക് പെർമിറ്റ്, കൂടുതൽ വിഭാഗങ്ങൾക്ക് ഗോൾഡൻ വിസ എന്നീ സർക്കാർ പദ്ധതികളും യു.എ.ഇയുടെ മൊത്തത്തിലുള്ള വളർച്ചയും സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങളും നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഈ വർഷം ആദ്യ പകുതിയിൽ 228.35 ബില്യൻ ദിർഹമും നിക്ഷേപിച്ചിരിക്കുന്നത് വിദേശികളാണ്. എമിറേറ്റിലെ അൽ ബർഷ സൗത്തിലാണ് ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത്.
അൽ യലായിസ് 1, വാദി അൽ സഫ, ബിസിനസ് ബേ, ദുബൈ മറീന, എയർപോർട്ട് സിറ്റി, ജബൽ അലി ഫെസ്റ്റ്, അൽ തന്യ ഫിഫ്ത്ത്, ബുർജ് ഖലീഫ എന്നിവയാണ് യഥാക്രമം കൂടുതൽ ഇടപാടുകൾ നടന്ന മേഖലകൾ. ഇടപാട് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ദുബൈ മറീനയാണ് മുന്നിട്ടുനിൽക്കുന്നത്. ബിസിനസ് ബേ, ബുർജ് ഖലീഫ, പാം ജുമൈറ എന്നിവയാണ് യഥാക്രമം പിന്നാലെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.