ദുബൈ: മുനിസിപ്പാലിറ്റിയുടെ വിവിധ പരിശോധനകൾ നടത്തുന്ന ഉദ്യോഗസ്ഥരുടെ മികവ് ഉറപ്പുവരുത്താൻ ‘സിറ്റി ഇൻസ്പെക്ടർ’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 63 ഇമാറാത്തി ഉദ്യോഗസ്ഥർക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
മുനിസിപ്പൽ പരിശോധനകളുടെ 14 മേഖലകളിൽ പ്രാവീണ്യം നേടിയാണ് ഇവർക്ക് അംഗീകാരം നൽകിയിരിക്കുന്നത്. പരിശോധന സംവിധാനം ഏകീകരിക്കുകയും നിശ്ചിത നിയമത്തിനും മാർഗനിർദേശങ്ങൾക്കും അനുസരിച്ചാണെന്ന് ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി വഴി പുറത്തിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശോധന രീതികളുണ്ടാകും. ദുബൈയിലെ ആരോഗ്യം, ഭക്ഷ്യ സുരക്ഷ, ജീവിത നിലവാരം എന്നിവ ആഗോള തലത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റാനും പദ്ധതി ഉപകരിക്കും. പദ്ധതിയുടെ ഭാഗമായി സിറ്റി ഇൻസ്പെക്ടർ പ്രഫഷനൽ ഡിപ്ലോമ കോഴ്സും അധികൃതർ ആരംഭിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലെയും പരിശോധകർക്ക് അംഗീകാരം ഉറപ്പാക്കാൻ കോഴ്സിലൂടെ സാധിക്കും.
ആരോഗ്യ സുരക്ഷ, ഭക്ഷ്യ സുരക്ഷ, നിർമാണ പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജനം, സാനിറ്റൈസേഷൻ, സുസ്ഥിരത, പൊതുസൗകര്യങ്ങളുടെ മേൽനോട്ടം എന്നീ മേഖലകളിലെല്ലാം പരിശോധനകൾ നടത്താനുള്ള പ്രായോഗിക പരിജ്ഞാനം ഇതുവഴി ലഭിക്കും.
സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും പരിശോധനകൾ വളരെ പ്രധാനപ്പെട്ടതാണെന്ന കാഴ്ചപ്പാടിന് അനുസരിച്ചാണ് സംവിധനം രൂപപ്പെടുത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റിയിലെ പരിശോധകർക്ക് കൃത്യമായ ഇടവേളകളിൽ നിശ്ചിത പരിശോധനകൾ അധികൃതർ നിശ്ചയിച്ചിട്ടുണ്ട്. അതോടൊപ്പം പരാതികൾ ലഭിച്ചാലും മാനദണ്ഡങ്ങൾ പ്രകാരം പരിശോധനകൾ നടത്തും. ദുബൈയിലെ ജീവിത നിലവാരം ഏറ്റവും മികച്ചതാക്കുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പരിശോധകരുടെ മികവ് വർധിപ്പിക്കുന്ന സംരംഭത്തിന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.