പ്രോജക്ട് കാര്‍ഗോ ലോജിസ്റ്റിക്സ് രംഗത്ത് റാസല്‍ഖൈമയില്‍ വിപുല പദ്ധതി തുടങ്ങുന്നതിന് കരാർ ഒപ്പിടൽ ചടങ്ങിൽ എ.പി.ടി ഗ്ലോബൽ, റാക് പോര്‍ട്ട്സ് പ്രതിനിധികൾ
റാസല്‍ഖൈമ: പ്രോജക്ട് കാര്‍ഗോ ലോജിസ്റ്റിക്സ് രംഗത്ത് റാസല്‍ഖൈമയില്‍ വിപുല പദ്ധതി തുടങ്ങുന്നതിന് എ.പി.ടി ഗ്ലോബലും റാക് പോര്‍ട്ട്സും ധാരണയിൽ. ധാരണ പ്രകാരം മേഖലയിലെ സുസ്ഥിര വളര്‍ച്ചക്ക് രൂപകല്‍പ്പന ചെയ്ത റാക് പോര്‍ട്ട്സ് ഗ്രീന്‍ ഫീല്‍ഡ് തുറമുഖ വികസന പദ്ധതിയായ സഖര്‍ 2.0 പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയില്‍ എ.പി.ടി ഗ്ലോബല്‍ ഏകദേശം അഞ്ച് കോടി ദിര്‍ഹം നിക്ഷേപിക്കും. റാക് മാരിടൈം സിറ്റിയില്‍ ഏഴ് ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയ സൗകര്യം വികസിപ്പിക്കുന്നതാണ് പദ്ധതി. ഇതോടെ 20 ലക്ഷം ചതുരശ്ര അടിയിലേക്ക് കമ്പനിയുടെ ആകെ വിസ്തൃതിയെത്തും. ഓഫ്ഷോര്‍ ഫാബ്രിക്കേഷന്‍, നവീകരണ ഊര്‍ജം, ഷിപ്പ് ബില്‍ഡിങ്, ഓയില്‍ ആൻഡ് ഗ്യാസ് നിര്‍മാണം തുടങ്ങിയ മേഖലകളിലേക്ക് പുതിയ വിപുലീകരണം വഴിയൊരുക്കും.
യൂറോപ്പ്, യു.എസ്, ഫാര്‍ ഈസ്റ്റ് ഏഷ്യന്‍ വിപണികളെ ലക്ഷ്യമിടുന്നതാണ് പദ്ധതികള്‍. റാക് മാരിടൈം സിറ്റി സ്വതന്ത്ര വ്യാപാര മേഖലയുടെ പരിധിയിലുള്ള പുതിയ ഫാബ്രിക്കേഷന്‍ സൗകര്യം ആഴക്കടല്‍ ബര്‍ത്ത്, പ്രത്യേക ലോജിസ്റ്റിക്സ് ഇടനാഴികള്‍, ക്വേയ്സൈഡ് അസംബ്ലി സൗകര്യങ്ങള്‍ നേരിട്ട് ഉപയോഗിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് മേഖലയിലെ അപൂര്‍വമായ കാര്യക്ഷമതാ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്. വലിപ്പമേറിയ ഔട്ട് ഓഫ് ഗേജ് ഘടനകളുടെ വന്‍ കയറ്റുമതിക്ക് ഈ ഫാക്ടറി സഹായിക്കും.
സഖര്‍ 2.0വിന്റെ ഹെവി ലിഫ്റ്റ്, പ്രോജക്ട് കാര്‍ഗോ ഇക്കോസിസ്റ്റവുമായി യോജിക്കുന്നതാണ് പദ്ധതി. സഖര്‍ 2.0വിന്റെ 14 മീറ്റര്‍ ഡ്രാഫ്റ്റ് സൗകര്യവും നാല് കിലോ മീറ്റര്‍ പരിധിയില്‍ ഏകേദശം 65 മില്യണ്‍ ചതുരശ്ര അടി വിസ്തൃതിയിലുള്ള ഫ്രീസോണ്‍ സൗകര്യവും ഇതിന് പ്രയോജനപ്പെടുത്തും. 500 മീറ്റര്‍ വീതിയുള്ള റോഡ് ഇടനാഴികള്‍ തുറമുഖത്തേക്കുള്ള മികച്ച കണക്ടിവിറ്റി ഉറപ്പാക്കും. തുറമുഖത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന അസംബ്ലി പാഡുകള്‍ മെഗാ ഘടനകളുടെ അവസാന ഘട്ട അസംബ്ലിങ്ങും കയറ്റുമതിയും ഇത് സുഗമമാക്കും.
റാസല്‍ഖൈമയെ പ്രോജക്ട് കാര്‍ഗോ ലോജിസ്റ്റിക്സിലെ മുന്‍നിര കേന്ദ്രമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് എ.പി.ടി ഗ്ളോബലുമായുള്ള കരാറെന്ന് റാക് പോര്‍ട്ട്സ് സി.ഇ.ഒ റോയ് കുമ്മിന്‍സ് അഭിപ്രായപ്പെട്ടു. ഏകദേശം 35,000 മെട്രിക് ടണ്‍ വരെ ഒറ്റ ഷിപ്പ്മെന്റായി കൈകാര്യം ചെയ്യാനാകുന്ന സൗകര്യങ്ങളും ലോകോത്തര കണക്ടിവിറ്റിയും പ്രവര്‍ത്തന കാര്യക്ഷമതയും സഖര്‍ 2.0 എ.പി.ടി ഗ്ളോബലിന് നല്‍കുമെന്നും കുമ്മിന്‍സ് തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.