അബൂദബിയിൽ സ്‌കൂളുകളിലും നഴ്‌സറികളിലും സുരക്ഷ പരിശോധന

അബൂദബി: വിദ്യാഭ്യാസ മേഖലയിലെ സുരക്ഷാ നിലവാരം ശക്തിപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുമായി അബൂദബിയിലെ 480ലേറെ സ്‌കൂളുകളിലും നഴ്‌സറികളിലും പരിശോധന നടത്തി അധികൃതര്‍. എമര്‍ജന്‍സീസ്, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്‍റ്​ സെന്‍റർ അബൂദബി, അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്, അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി (എ.ഡി.സി.ഡി.എ) എന്നിവ സംയുക്തമായാണ് പരിശോധനകള്‍ നടത്തിയത്. അഡെക്കില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു പരിശോധനകള്‍. ഒഴിപ്പിക്കല്‍ പദ്ധതികള്‍, മുന്നറിയിപ്പ് സംവിധാനങ്ങള്‍, പ്രതികരണ ടീമുകളുടെ സന്നദ്ധത, സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചുള്ള ജീവനക്കാരുടെ അവബോധം എന്നിവ അവര്‍ അവലോകനം ചെയ്തു. വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സുരക്ഷ തങ്ങളുടെ പ്രഥമ പരിഗണനയാണെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി മുബാറക് ഹമദ് അല്‍ മഹീരി പറഞ്ഞു. ഇത്തരം പരിശോധനകളും വിലയിരുത്തലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടിയന്തര സാഹചര്യങ്ങളിലെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുമെന്ന് എ.ഡി.സി.ഡി.എ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സലിം അബ്ദുല്ല ബിന്‍ ബറാക് അല്‍ ദാഹിരി, എ.ഡി.സി.എം.സി ഡയറക്ടര്‍ ജനറല്‍ മതാര്‍ സഈദ് അല്‍ നുഐമി എന്നിവര്‍ പറഞ്ഞു.

Tags:    
News Summary - Safety inspections conducted in Abu Dhabi schools and nurseries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.