റാസല്‍ഖൈമ: സമൂഹ വിവാഹ വേദിയില്‍ റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് നടത്തിയ ‘അയാല’ നൃത്തച്ചുവടുകള്‍ ഏറ്റെടുത്ത് നെറ്റിസണ്‍സ്. എമിറേറ്റില്‍ നടന്ന 13ാമത് സാമൂഹ വിവാഹ ചടങ്ങിലാണ് റാക് കിരീടവകാശി പരമ്പരാഗത നൃത്തചുവടുമായി ജനങ്ങള്‍ക്കൊപ്പം കൂടിയത്.
വീഡിയോ ബുധനാഴ്ച് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചതോടെ വൈറലാവുകയും ചെയ്തു. യു.എ.ഇയുടെ ചരിത്രത്തോടും സംസ്കാരത്തോടും ചേര്‍ന്നു നില്‍ക്കുന്ന പരമ്പരാഗത നൃത്തരൂപമാണ് അയാല (സ്റ്റിക്ക് ഡാന്‍സ്). ബഹളമയമായ സംഗീത വഴിയില്‍ നിന്ന് വേറിട്ട സൗമ്യ മനോഹാരിതയുടെ അലകള്‍ അനുഭവഭേദ്യമാക്കുന്ന നൃത്തമാണിത്. യു.എ.ഇക്ക് പുറമെ ഒമാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലകളിലെയും വിശേഷാവസരങ്ങളിലെ പ്രധാന ഇനമാണ് അയാല നൃത്തം.
ഗോത്ര യുദ്ധങ്ങളിലെ വിജയഭേരിയിലും വിജയകരമായ മുത്തുവാരല്‍ അവസരങ്ങളിലും പൂര്‍വികരുടെ ആഹ്ളാദപ്രകടനങ്ങളില്‍ നിന്നാണ് മാസ്മരികമായ അയാലയുടെ ഉത്ഭവം. ഐക്യവും അനുസരണവും പ്രകടമാകും വിധം വരികളായും വൃത്തങ്ങളായും നിന്ന് താളത്തിനൊത്ത് ചലിക്കുകയും തല ചായ്ക്കുകയും ചെയ്യുന്നതാണ് നൃത്ത രീതി. പരമ്പരാഗത സംഗീതവും അറബ് കവിതകളും നൃത്തച്ചുവടുകള്‍ക്ക് അകമ്പടി സേവിക്കും.
എല്ലാ പ്രായക്കാരെയും ലിംഗഭേദങ്ങളെയും സാമൂഹിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. ഗോത്ര യുദ്ധങ്ങളിലെ വിജയാഹ്ളാദത്തില്‍ റൈഫിളുകള്‍ മുകളിലേക്കെറിയുന്നത് പതിവായിരുന്നു. സ്തോഭജനകമായ ആസ്വാദനമാണ് നൃത്തത്തിനിടയില്‍ തോക്കുകളും കുന്തങ്ങളും വാളുകളും മുകളിലേക്കെറിയലും കൃത്യമായി തിരികെ സ്വീകരിക്കുന്നതും. സുരക്ഷ മുന്‍ നിര്‍ത്തി നിലവില്‍ ആയുധ മാതൃകളാണ് ഉപയോഗിക്കുന്നത്. കുന്തങ്ങളെയും വാളുകളെയും സൂചിപ്പിച്ച് മുളയുടെ നേര്‍ത്ത തണ്ടുകള്‍ വഹിച്ച് 20ഓളം പേരടങ്ങുന്ന രണ്ട് സംഘം അഭിമുഖമായി നില്‍ക്കുന്നതോടെയാണ് ഇന്ന് നൃത്തം തുടങ്ങുന്നത്.
മരവും ലോഹവും കൊണ്ട് നിര്‍മിച്ച ഡമ്മി റൈഫികളും വാളുകളും കുന്തങ്ങളും നൃത്തത്തില്‍ ഉപയോഗിക്കുന്നു. ഓടക്കുഴലുകള്‍, തുകല്‍ ബാഗ്, പൈപ്പുകള്‍, പിച്ചള കൈത്താളങ്ങള്‍ എന്നിവയിലൂടെ പശ്ചാത്തല സംഗീതവും നൃത്തത്തിന് കൊഴുപ്പേകുന്നു. ഒരു സംഘം കാവ്യാത്മകായ ഈണങ്ങള്‍ ആലപിക്കുമ്പോള്‍ തലയും വടികളും സമന്വയിപ്പിച്ച് മുകളിലേക്കും താഴേക്കും ചലിപ്പിച്ച് കൊണ്ടുള്ളതാണ് നര്‍ത്തകരുടെ പ്രകടനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.