ഷാർജ അന്താരാഷ്​ട്ര പുസ്തകനഗരിയിലെത്തിയ പ്രഫ. ഗീതാകുമാരി, ഷാർജ സുൽത്താ​െൻറ പരിഭാഷപ്പെടുത്തിയ പുസ്തകങ്ങളോടൊപ്പം

സമ്മാനങ്ങളുമായി പ്രഫ. ഗീതകുമാരി ഷാർജയിലെത്തി; സുൽത്താനെ ഒരു നോക്ക് കാണാൻ ഭാഗ്യമുണ്ടാകുമോ?

ദുബൈ: കടലും കരയും ഭാഗികമായി കൊട്ടിയടച്ച കോവിഡ് കാലത്തും തൃശൂരുകാരി പ്രഫ. ഗീതകുമാരിയുടെ മനസ്സിൽ ഒരൊറ്റ സ്വപ്നം മാത്രമായിരുന്നു; എങ്ങനെയെങ്കിലും ഷാർജ എന്ന അക്ഷരനഗരത്തിലെത്തുക. അക്ഷരങ്ങളെ നെഞ്ചേറ്റിയവരും പുസ്തകപ്രേമികളും ഉത്സവമായി കാണുന്ന പുസ്തകമേള മാത്രമായിരുന്നില്ല, കാലിക്കറ്റ് സർവകലാശാലയിലെ സംസ്കൃതം വിഭാഗം മേധാവി കൂടിയായിരുന്ന ഇവരുടെ ലക്ഷ്യം. മറിച്ച് കാരുണ്യവാനായ ഭരണാധികാരിയും ലോകത്തെങ്ങുമുള്ള അക്ഷരസ്നേഹികളുടെ ചേർത്തുപിടിക്കുന്ന പുസ്തകപ്രേമിയുമായ ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമിയെ ദൂരെനിന്നെങ്കിലും ഒരു നോക്ക് കാണുക കൂടിയായിരുന്നു.

വെറും ൈകയോടെയല്ല, വിലപിടിപ്പുള്ള മൂന്ന് സമ്മാനങ്ങളുമായാണ് സുൽത്താ​െൻറ നാട്ടിലെത്തിയിരിക്കുന്നതെന്നാണ് ഇൗ എഴുത്തുകാരി പറയുന്നത്. ലോക സ്പന്ദനങ്ങളെ കോർത്തുവെച്ച് സുൽത്താൻ എഴുതി തയാറാക്കിയ പുസ്തകങ്ങളുടെ മലയാളം പരിഭാഷയായ സംസ്കാരം-വിദ്യാഭ്യാസം-പരിവർത്തനം, തെരഞ്ഞെടുത്ത പ്രഭാഷണങ്ങൾ എന്നീ കൃതികളും വ്യാപൃത്വ പ്രഭാഷിനി എന്ന പേരിൽ സംസ്കൃതത്തിൽ മൊഴിമാറ്റം വരുത്തിയ പുസ്തകവുമായാണ് അക്ഷരങ്ങളെ ചേർത്തുപിടിക്കുന്ന ഇൗ അധ്യാപിക പുസ്തകമേള നഗരിയിലെത്തിയിരിക്കുന്നത്.

സുൽത്താൻ എഴുതിയ പുസ്തകങ്ങളുടെ ഇംഗ്ലീഷ് മൊഴിമാറ്റത്തെ ആധാരമാക്കിയാണ് ഇൗ സംസ്കൃ​തം പ്രഫസർ പുസ്തകങ്ങൾപരിഭാഷപ്പെടുത്തിയത്. ഡി-ലിറ്റ് ബിരുദം സ്വീകരിക്കാൻ ഷാർജ സുൽത്താൻ നടത്തിയ കേരള സന്ദർശനത്തിലൂടെയാണ് അക്ഷരങ്ങളെ താലോലിക്കുന്ന സുൽത്താനെ കുറിച്ച് ഗീതാകുമാരി ആദ്യമായി കേൾക്കുന്നത്. പിന്നീട് സുൽത്താൻ ആഗോള സാഹിത്യ-സാസ്കാരിക രംഗത്ത് നടത്തുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും സസൂക്ഷ്മം വീക്ഷിക്കലായി ജോലി. ഇങ്ങനെയൊരു ഭരണാധികാരിയെ ലോകത്തെങ്ങും കണ്ടെത്താനാവില്ലെന്ന് ഉറപ്പിച്ചുപറയുന്ന ഗീതാകുമാരിക്ക് സുൽത്താ​െൻറ അക്ഷരപ്രേമം ഇപ്പോഴും അതിശയമാണ്.

ഷാർജ പുസ്തകമേളയുടെ വർണപ്പകിട്ടിന്​​ ഇത്തവണ അൽപം കുറവുണ്ടെങ്കിലും അതൊന്നും ഒരു പ്രശ്നമേയല്ല, അക്ഷരങ്ങളിലൂടെ സുൽത്താനെ പിന്തുടരുന്ന കാലിക്കറ്റ് സർവകലാശാലയിലെ ഇൗ മുൻ ഡീനിന്. താൻ തയാറാക്കിയ പുസ്തകങ്ങൾ സുൽത്താന് അരികിലെത്തിയിട്ടുണ്ടാകുമെന്ന് തന്നെയാണ് ഗീതാകുമാരി വിശ്വസിക്കുന്നത്. എങ്കിലും ദൂരെനിന്നെങ്കിലും സുൽത്താനെ ഒരു നോക്ക് കാണാൻ അവസരമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ഇൗ എഴുത്തുകാരി. അങ്ങനെ സംഭവിച്ചാൽ പിന്നെ ഇൗ ജീവിതം സഫലമായി എന്ന് ഉറക്കെ പറഞ്ഞാണ് ഗീതാകുമാരി സുൽത്താനെ കുറിച്ചുള്ള സംസാരം നിർത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.