ദുബൈ: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യ ലീഗൽ സർവിസ് സൊസൈറ്റി യു.എ.ഇയിലെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന പ്രവാസി നീതി മേളയിലേക്ക് മേയ് 20 വരെ പരാതികൾ സമർപ്പിക്കാമെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസികൾക്ക് നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങളിൽ പരിഹാര-നിർദേശങ്ങൾ തേടാൻ നീതി മേള ഉപകരിക്കും. പാസ്പോർട്ട്, ആധാർ കാർഡ്, വിസ തുടങ്ങി സിവിൽ, ക്രിമിനൽ കേസുകളിലും പ്രമുഖരായ അഭിഭാഷകരുടെ നിയമോപദേശം സൗജന്യമായി ലഭ്യമാകും.
നാട്ടിലെ സർക്കാർ ഓഫിസ് സംബന്ധിയായ വിഷയങ്ങളിലും പ്രവാസികൾക്ക് നേരിട്ടോ ബന്ധുക്കളോ സുഹൃത്തുക്കളോ മുഖേനയോ നീതിമേളയെ സമീപിക്കാവുന്നതാണ്. നാട്ടിൽ പരിഹരിക്കാനാവുന്ന വിഷയങ്ങളിൽ പിൽസ് തന്നെ നേരിട്ട് സർക്കാർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കും.
നീതി മേളയിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർക്ക് 8089755390 എന്ന വാട്സ്ആപ് നമ്പറിലൂടെയും neethimela@gmail.com എന്ന ഇ-മെയിലിലൂടെയും പരാതികൾ സമർപ്പിക്കാം. ഹൈകോടതി അഭിഭാഷകർ ഉൾപ്പെടെ നാട്ടിലും വിദേശത്തുമുള്ള പ്രഗത്ഭ അഭിഭാഷക പാനൽ, പരാതികൾ പരിശോധിച്ച് പരിഹാര നിർദേശങ്ങൾ നേരിട്ട് പരാതിക്കാരെ അറിയിക്കുന്നതാണെന്ന് നീതി മേള ചെയർമാൻ അഡ്വ. മുഹമ്മദ് സാജിദ്, കോഓഡിനേറ്റർ അഡ്വ. ഷാനവാസ് കാട്ടകം, അഭിഭാഷക പാനൽ കൺവീനർ അഡ്വ. നജ്മുദ്ദീൻ, പിൽസ് യു.എ.ഇ സെക്രട്ടറി നിഷാജ് ശാഹുൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.