ദുബൈ: ഒരു വർഷത്തിലേറെയായി ദുബൈയിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ ബിഹാർ സ്വദേശിക്ക് കേരളത്തിൽ നിന്ന് സഹായ ഹസ്തം. അട്ടപ്പാടിയിൽ സാമൂഹിക പ്രവർത്തക ഉമാ പ്രേമൻ നടത്തുന്ന ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെൻററിലേക്കാണ് 31കാരനായ പ്രദീപ് ശർമയെ കഴിഞ്ഞദിവസം കൊണ്ടുപോയത്.
ദുബൈയിലെ ഒരു മരവ്യവസായ കമ്പനിയിൽ 2015 മുതൽ ജോലി ചെയ്യുന്ന പ്രദീപ് ശർമ കഴിഞ്ഞ ജൂലൈ 19ന് ജോലി സ്ഥലത്ത് കുഴഞ്ഞുവീണത്. മസ്തിഷ്കാഘാതത്തിന് പിന്നാലെ അബോധാവസ്ഥയിലുമായി. അന്നു മുതൽ റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കമ്പനി ചികിത്സക്ക് ആവശ്യമായ പിന്തുണ നൽകിയെങ്കിലും അധികകാലം തുടരാവാത്ത അവസ്ഥയിലായിരുന്നു. ഭാര്യ പ്രതിമ ശർമയും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന് അദ്ദേഹത്തെ നാട്ടിൽ കൊണ്ടുപോയി ചികിത്സിക്കാനും സാധിക്കാത്ത സാഹചര്യത്തിലാണ് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി വഴി ഉമാപ്രേമൻ വിവരമറിയുന്നത്. പ്രദീപ് ശർമയെ ഇക്കഴിഞ്ഞ ജൂണിൽ ആശുപത്രിയിൽ സന്ദർശിച്ച ഉമാപ്രേമൻ ഇദ്ദേഹത്തിെൻറ തുടർ ചികിത്സയും പരിചരണവും ഏറ്റെടുക്കാൻ തയാറായി.
തുടർന്ന് കമ്പനിയുടെയും കുടുംബത്തിെൻറയും അനുമതിയോടെ കേരളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇദ്ദേഹത്തിെൻറ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് ഉമാപ്രേമൻ പറഞ്ഞു. പാട്നയിലുള്ള പ്രദീപ് ശർമയുടെ കുടുംബത്തിന് അദ്ദേഹത്തെ ഏതു സമയവും കാണാനും കൂടെ നിൽക്കാനുമുള്ള സൗകര്യമൊരുക്കാൻ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.