ഇ-സ്കൂട്ടർ യാത്രക്കാരന് സുരക്ഷ നിർദേശം നൽകുന്ന ദുബൈ പൊലീസ് ഉദ്യോഗസ്ഥൻ
ദുബൈ: എമിറേറ്റിലെ ഹത്ത പൊലീസ് സ്റ്റേഷൻ ഇ-സ്കൂട്ടർ യാത്രക്കാർക്ക് സുരക്ഷ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. റൈഡർമാർക്ക് ട്രാഫിക് നിയമങ്ങളെയും സുരക്ഷ നിർദേശങ്ങളെയും സംബന്ധിച്ച് ധാരണ നൽകുന്നതിനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. അതിനിടെ രാത്രിയിൽ ഇ-സ്കൂട്ടറിൽ സഞ്ചരിച്ചയാൾക്ക് മറ്റൊരു വാഹനമിടിച്ച് പരിക്കേറ്റതായി പൊലീസ് ട്രാഫിക് രജിസ്ട്രേഷൻ വിഭാഗം തലവൻ ക്യാപ്റ്റൻ ഗദായിർ മുഹമ്മദ് ബിൻ സുറൂർ അറിയിച്ചു. കറുത്ത സ്കൂട്ടറിൽ കറുത്ത വസ്ത്രങ്ങൾ ധരിച്ച് സഞ്ചരിച്ചയാളെ കാണാതെ വന്നതാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ റൈഡർമാർ സുരക്ഷ നിയമങ്ങൾ പാലിക്കണമെന്ന് ഹത്ത പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ കേണൽ അബ്ദുല്ല റാഷിദ് അൽ ഹഫീത് ആവശ്യപ്പെട്ടു. ഹെൽമറ്റ് ധരിക്കണം, റിഫ്ലക്ടീവ് ജാക്കറ്റ് ധരിക്കണം, ഇ-സ്കൂട്ടർ നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം, ഗതാഗത തടസ്സം സൃഷ്ടിക്കുന്ന സ്ഥലങ്ങളിൽ ഉപേക്ഷിക്കരുത് എന്നിവ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൈഡർമാർ ജാഗ്രതയോടെ വാഹനമോടിക്കുകയും മറ്റ് റോഡ് ഉപയോക്താക്കൾക്ക് ട്രാഫിക് അപകടമുണ്ടാക്കുന്നത് ഒഴിവാക്കുകയും വേണമെന്നും അധികൃതർ കാമ്പയിനിന്റെ ഭാഗമായി ഓർമിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.