എക്സ്പോ നഗരിയിൽനിന്ന് വിളിച്ചാൽ ഒരുമിനിറ്റിനകം പൊലീസെത്തും
ദുബൈ: എക്സ്പോ 2020 ദുബൈയിൽ എത്തുന്ന സന്ദർശകർക്ക് പഴുതടച്ച സുരക്ഷ ഉറപ്പുവരുത്തുകയാണ് പൊലീസ്. എല്ലാ ക്രമീകരണങ്ങളും ഇതിനായി ഒരുക്കിയെന്ന് മാത്രമല്ല, പരാതിയോ ആവശ്യമോ ആയി പൊലീസിനെ വളിച്ചാൽ ഒരുമിനിറ്റിനകം എത്തിച്ചേരുകയും ചെയ്യും. മേളയെ സുരക്ഷിതമാക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നതെന്നും റെക്കോഡ് സമയത്തിനകം മറുപടി നൽകുന്ന സംവിധാനമാണ് ഏർപ്പെടുത്തിയതെന്നും ദുബൈ പൊലീസ് മേജർ ജനറൽ അഹ്മദ് ഥാനി ബിൻ ഗുലൈത പ്രസ്താവിച്ചു. ഏറ്റവും പുതിയ കാമറ സംവിധാനം, സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ, സാധാരണ വേഷത്തിൽ പൊലീസുകാരുടെ പട്രോളിങ് എന്നിവ സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്. എല്ലായിടത്തും ഞങ്ങളുണ്ട്. പക്ഷേ, ഒാരോയിടത്തും വിവിധ തന്ത്രമാണ് പ്രയോഗിക്കുന്നത്. സ്മാർട്ട് പൊലീസ് സ്റ്റേഷനിൽ മേളയുടെ ആദ്യ ആഴ്ചയിൽ 8000 സന്ദർശകരെത്തിയിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
ചിലരെങ്കിൽ മേളയില പൊലീസ് സാന്നിധ്യം കുറവാണെന്ന് കരുതുന്നുണ്ടാവുമെന്നും, എന്നാൽ, നിർമിതബുദ്ധി പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് മേളയിൽ സുരക്ഷിതത്വത്തിന് ഏർപ്പാടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ്പോ ഉദ്ഘാടന ദിവസം സന്ദർശകർ ഒഴുകിയെത്തിയെങ്കിലും പരാതികളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എക്സ്പോയിൽ ഒരു പ്രധാന സ്മാർട്ട് പൊലീസ് സ്റ്റേഷനും മൂന്ന് വാക്-ഇൻ സ്റ്റേഷനുകളും ദുബൈ പൊലീസ് ഒരുക്കിയിട്ടുണ്ട്. ക്രിമിനൽ കേസുകൾ, ട്രാഫിക് പരാതികൾ, മറ്റ് ആവശ്യങ്ങൾ, അനുമതികൾ എന്നിവ സമർപ്പിക്കാൻ ഇവിടങ്ങളിൽ സാധിക്കും. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ് ഭാഷകളിൽ സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.