അബൂദബി: സൈബർ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ ‘ബി കെയർഫുൾ’ എന്ന പേരിൽ ബോധവത്കരണ പരിപാടിയുമായി അബൂദബി പൊലീസ്. വ്യാജ സന്ദേശങ്ങളോ പണമോ മറ്റ് സമ്മാനങ്ങളോ ഓഫർ ചെയ്ത ഫോൺ വിളികളോ ഇ-മെയിലോ ലഭിച്ചാൽ അനുകൂലമായി പ്രതികരിക്കുകയും അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ അപ്പപ്പോൾ നൽകുകയും ചെയ്യുന്നതാണ് തട്ടിപ്പുകൾക്ക് ഇരയാവുന്നതിന്റെ മുഖ്യകാരണമെന്ന് പൊലീസ് ഓർമിപ്പിച്ചു.
സമൂഹമാധ്യമങ്ങളിൽ തട്ടിപ്പുസംഘം വ്യാപകമായി വലവിരിച്ചു കാത്തിരിക്കുകയാണ്. ബാങ്ക് വിവരങ്ങൾ ചോർത്തിയും ഫോൺ കെണിയിൽ കുടുക്കിയും പണം തട്ടും. സ്മാർട്ട് ഫോണുകൾ ഹാക്ക് ചെയ്ത് സ്വകാര്യ വിവരങ്ങൾ ചോർത്തിയശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്നതും കുറവല്ല. സ്വകാര്യ ചിത്രങ്ങളും വിഡിയോകളും ഫോണിലും ലാപ്ടോപ്പിലും മറ്റും ഒരു സുരക്ഷയുമില്ലാതെ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. എന്നാൽ, പലരും ഗൗരവമായി പരിഗണിക്കാറില്ല. സ്ത്രീകളുടെ ആകർഷകമായ ചിത്രങ്ങൾ നൽകി പ്രലോഭിപ്പിച്ചും വലിയ തുകയും സമ്മാനങ്ങളും വാഗ്ദാനംചെയ്തും തട്ടിപ്പുകാർ വലയിൽ വീഴ്ത്തുന്നുണ്ട്.
സന്ദേശം വരുന്ന ഉറവിടം സംബന്ധിച്ച് കൃത്യമായ ബോധ്യമില്ലെങ്കിൽ അവഗണിക്കുന്നതാണ് ഗുണകരം. സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന സൗഹൃദാഭ്യർഥനകൾ അശ്രദ്ധമായി സ്വീകരിക്കുന്നതും വിനയാകും. വിഡിയോ ക്ലിപ്പുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്തും പണം നഷ്ടമായവർ നിരവധിയാണ്.
സംശയം തോന്നുന്ന ഫോൺവിളികളോ ഇ-മെയിലോ വന്നാൽ ഉടൻ പൊലീസിന്റെ ടോൾ ഫ്രീ നമ്പറായ 8002626 ലിലോ, aman@adpolice.gov.ae എന്ന മെയിലിലോ അറിയിക്കണം. അബൂദബി പൊലീസിന്റെ സ്മാർട്ട് ആപ്പിലൂടെയും വിവരം കൈമാറാം.
വ്യക്തിഗത ഇ-മെയിലിലേക്ക് ബാങ്കുകളുടേത് എന്നരീതിയില്‍ സന്ദേശം അയച്ചും പണം തട്ടുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് അധികൃതര്‍ നിർദേശങ്ങൾ നൽകുന്നു. എന്നാലും പലരും വിവരങ്ങൾ കൈമാറും.
ബാങ്കുകളുടേതെന്ന രീതിയില്‍ വരുന്ന മെയിലുകള്‍ തുറക്കുന്നതിനുമുമ്പ്, ബന്ധപ്പെട്ട ബ്രാഞ്ചുകളെ സമീപിച്ച് ഉറപ്പുവരുത്തുകയെന്നാണ് തട്ടിപ്പിന് ഇരയാവാതിരിക്കാനുള്ള പ്രധാന മാര്‍ഗം. സ്പാം മെസേജുകളില്‍ പലപ്പോഴും വൈറസുകള്‍ ഉള്ളതിനാല്‍ തുറക്കാതിരിക്കലാണ് ഉത്തമം. ബാങ്ക് അധികൃതര്‍ അക്കൗണ്ട് നമ്പറോ പാസ് വേഡോ പിന് നമ്പറുകളോ വ്യക്തിഗത വിവരങ്ങളോ ഇ-മെയില്‍ വഴി ചോദിക്കില്ല. അത്തരം മെയിലുകള്‍ തുറക്കാതെതന്നെ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.