അബൂദബി: വാഹന ഉടമകൾ ഇന്ധനം സ്വയം നിറക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നതിന് മുന്നോടിയായി വരും ആഴ്ചകളിൽ തെരഞ്ഞെടുത്ത സ്റ്റേഷനുകളിൽ അഡ്നോക് പരീക്ഷണാടിസ്ഥാനത്തിൽ പ്രീമിയം സേവനം സൗജന്യമായി ലഭ്യമാക്കും. സ്റ്റേഷൻ ജീവനക്കാരൻ ഇന്ധനം വാഹനത്തിൽ നിറച്ചുകൊടുക്കുന്നതാണ് പ്രീമിയം സേവനം. ഇൗ സേവനത്തിന് ഫീസ് ഇൗടാക്കുമെന്ന് അഡ്നോക് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫീസ് ഇൗടാക്കുന്നതിന് മുമ്പ് ഏതാനും ആഴ്ചകൾ പരീക്ഷണാടിസ്ഥാനത്തിൽ സൗജന്യ സേവനം ലഭ്യമാക്കാനാണ് തീരുമാനം. പരീക്ഷണ ഘട്ടം കഴിഞ്ഞാൽ ഫീസ് കൊടുക്കാത്തവർ സ്വയം ഇന്ധനം നിറക്കേണ്ടി വരും.
പരീക്ഷണ ഘട്ടത്തിൽ സ്വയം ഇന്ധനം നിറക്കലാണോ പ്രീമിയം സേവനമാണോ ഒാരോരുത്തർക്കും യോജിച്ചതെന്ന് മനസ്സിലാക്കാൻ ഉപഭോക്താക്കളെ ക്ഷണിക്കുന്നതായി അഡ്നോക് വക്താവ് പറഞ്ഞു. പരീക്ഷണ ഘട്ടത്തിൽ പ്രീമിയം സേവനത്തിനും ഫീസ് ഇൗടാക്കില്ല. വയോധികർക്കും നിശ്ചയദാർഢ്യ വ്യക്തികൾക്കും പരീക്ഷണ ഘട്ടം കഴിഞ്ഞാലും പ്രീമിയം സേവനം സൗജന്യമായി നൽകും. പ്രീമിയം സേവനത്തിനുള്ള ഫീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി.ഏതാനും ആഴ്ചകൾക്കുള്ളിൽ 40ഒാളം സ്റ്റേഷനുകളിൽ പുതിയ സംവിധാനം നടപ്പാകുമെന്നാണ് കരുതുന്നത്.
ഇതിനായി ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പ്രീമിയം സേവനം ആവശ്യമുള്ളവരുടെ വാഹനങ്ങൾക്ക് സ്റ്റേഷനിൽ പ്രത്യേക ഇടം നിശ്ചയിക്കും.
‘അഡ്നോക് ഫ്ലക്സ്’ എന്നറിയപ്പെടുന്ന പുതിയ സംവിധാനം ഏപ്രിൽ മൂന്നിനാണ് പ്രഖ്യാപിച്ചത്. ഇന്ധനവും പാചകവാതക സിലിണ്ടറുകളും താമസസ്ഥലത്ത് എത്തിച്ചു നൽകുന്ന ‘മൈ സ്റ്റേഷൻ’ സേവനവും ഇതോടൊന്നിച്ച് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.