ദുബൈ: സ്കൂളുകൾ ഉൾപ്പെടെ എമിറേറ്റിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാർക്കിങ് സബ്സ്ക്രിബ്ഷൻ അപേക്ഷ സേവനങ്ങൾ ലഘൂകരിക്കുന്നതിനായി ദുബൈയിലെ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിനുമായി ധാരണയിലെത്തി. ഇരുവരുടെയും പങ്കാളിത്തത്തിലൂടെ സ്കൂൾ ജീവനക്കാർക്കും വിദ്യാർഥികൾക്കും പാർക്കിങ് സബ്സ്ക്രിബ്ഷന് വേണ്ടിയുള്ള അപേക്ഷ നടപടികൾ ലളിതമാക്കുന്നതിനായി രൂപകൽപന ചെയ്ത സംയോജിതമായ ഡിജിറ്റൽ സംവിധാനം വികസിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള അംഗീകാരങ്ങളേയും യോഗ്യത പരിശോധിക്കുന്നതിനുള്ള രേഖ സമർപ്പണത്തേയും ആശ്രയിച്ചാണ് നിലവിലെ സംവിധാനങ്ങളുടെ പ്രവർത്തനം.
എന്നാൽ, പുതിയ കരാർ അനുസരിച്ച് പാർക്കിങ് സബ്സ്ക്രിബ്ഷനായുള്ള അപേക്ഷകർക്ക് തത്സമയ യോഗ്യതാ പരിശോധന നടത്താനായി കെ.എച്ച്.ഡി.എയും പാർക്കിനും അവരുടെ സംവിധാനങ്ങളെ പരസ്പരം സംയോജിപ്പിക്കും. അപേക്ഷകരുടെ വിവരങ്ങളുടെ സ്വകാര്യത മാനിക്കുന്നതിനൊപ്പം നടപടിക്രമങ്ങൾ കുറക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇരുവരും അറിയിച്ചു. കുട്ടികളെ കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്യുന്ന തിരക്കേറിയ സമയങ്ങളിൽ സ്കൂളുകൾക്ക് ചുറ്റുമുള്ള പാർക്കിങ് ക്രമീകരണങ്ങളുടെ നിയന്ത്രണം പാർക്കിൻ ഏറ്റെടുക്കും. വിദ്യാർഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി പാർക്കിങ് സബ്സ്സ്ക്രിബ്ഷനിൽ ഇളവുകളും പാർക്കിൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു മാസത്തേക്ക് 100 ദിർഹം മുതൽ ഒരു വർഷത്തേക്ക് 1000 ദിർഹം വരെയാണ് പാർക്കിങ് നിരക്ക്. ഇതുവഴി വർഷത്തിൽ 80 ശതമാനം വരെ പണം ലാഭിക്കാനാവുമെന്നാണ് വിലയിരുത്തൽ. ദുബൈ വിദ്യാഭ്യാസ അജണ്ട 33യെ പിന്തുണക്കുന്നതാണ് പാർക്കിനുമായുള്ള പങ്കാളിത്തമെന്ന് കെ.എച്ച്.ഡി.എ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ഡോ. അംന അൽ മാസ്മി പറഞ്ഞു. മാനുഷികമായ ഇടപെടൽ ഒഴിവാക്കി സേവനങ്ങൾ കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാക്കാൻ പങ്കാളിത്ത കരാർ സഹായകമാവുമെന്ന് പാർക്കിൻ കമ്പനി സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു. നിലവിൽ 2,29,000 പെയ്ഡ് പാർക്കിങ് ഇടങ്ങളാണ് പാർക്കിനിന്‍റെ കീഴിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ഡിജിറ്റൽ പെയ്മെന്റ് സംവിധാനം വഴി 141 ദശലക്ഷം പാർക്കിങ് ഇടപാടുകൾ പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.