ദുബൈ: നഗരത്തിൽ നവീന ഗതാഗത സംവിധാനങ്ങൾക്ക് ഈ വർഷം തുടക്കം കുറിക്കുമെന്ന് വെളിപ്പെടുത്തി അധികൃതർ. ഡ്രൈവറില്ലാ ടാക്സികൾ ഈ വർഷം ആദ്യത്തിലും പറക്കും ടാക്സികൾ വർഷാവസാനത്തോടെയും സർവിസ് ആരംഭിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറാണ് വെളിപ്പെടുത്തിയത്. ആശയങ്ങൾ യഥാർഥ പദ്ധതികളായി പരിവർത്തിപ്പിച്ച് അതിവേഗത്തിൽ ദുബൈ മുന്നേറുകയാണെന്ന് അദ്ദേഹം വേൾഡ് ഗവൺമെന്റ്സ് സമ്മിറ്റിൽ വ്യക്തമാക്കി.
സ്കൈപോർട്ടുകൾ അടക്കം പറക്കും ടാക്സി പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് അൽ തായർ സ്ഥിരീകരിച്ചു. ലോക ഗവൺമെന്റ് ഉച്ചകോടി പോലുള്ള ആഗോള വിദഗ്ധരുടെയും പ്ലാറ്റ്ഫോമുകളുടെയും സഹായത്തോടെ പദ്ധതി ചർച്ച ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിലെ ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റങ്ങളുമായും ടെലികോം നെറ്റ്വർക്കുകളുമായും ബന്ധിപ്പിച്ച ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുന്നതിനുവേണ്ടി ഇതിനകം തന്നെ സ്ഥാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ കഴിഞ്ഞയാഴ്ച തുറന്നിരുന്നു. അപ്പോളോ ഗോ പാർക്ക് എന്ന പേരിൽ ദുബൈ സയൻസ് പാർക്കിലാണ് കൺട്രോൾ സെന്റർ പ്രവർത്തനമാരംഭിച്ചത്. ചൈനയിലെ ബൈദുസ് ഇന്റലിജന്റ് ഡ്രൈവിങ് ഗ്രൂപ്പും ദുബൈ ആർ.ടി.എയും ചേർന്നാണ് ദുബൈ അപ്പോളോ ഗോ പാർക്കിന് തുടക്കം കുറിച്ചത്.പറക്കും ടാക്സികള്‍ക്കായി നിർമിക്കുന്ന യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന്റെയും നിര്‍മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി ദുബൈ ആർ.ടി.എ കഴിഞ്ഞ വർഷം അവസാനത്തിൽ വെളിപ്പെടുത്തിയിരുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് വരുന്ന വെർട്ടിപോര്‍ട്ട് അഥവാ ഡി.എക്സ്.വി വിമാനത്താവളത്തിന്റെ മാതൃകയിലാണ് നിർമിക്കുന്നത്. നാല് നിലകളിലായി 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടാകും. ടേക്ക്-ഓഫ്, ലാന്‍ഡിങ് ഏരിയകള്‍, ചാര്‍ജിങ് സൗകര്യങ്ങള്‍, പാസഞ്ചര്‍ ലോഞ്ച് എന്നിവ ഉള്‍പ്പെടും. പ്രതിവര്‍ഷം 42,000 ലാന്‍ഡിങ്ങുകളും 1,70,000 യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.