ദുബൈ: റാശിദിയ ഇൻറർചേഞ്ചിൽ വിമാനത്താവളത്തിലേക്കുള്ള റോഡിൽ നിർമാണം പൂർത്തിയായ മേൽപാലം വെള്ളിയാഴ്ച തുറക്കുമെന്ന് ആർ.ടി.എ. അറിയിച്ചു. ഇതോടെ ഹൈവേയിലെ തിരക്കിന് ശമനമുണ്ടാകും. 2016 പകുതിയോടെ ആരംഭിച്ച എയർപോർട്ട് റോഡ് നവീകരണം അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്.
ഇൗ വർഷം മാർച്ചിൽ ഇത് പൂർത്തിയാകുന്നതോടെ നിലവിൽ അരമണിക്കൂർ എടുക്കുന്ന യാത്രാസമയം അഞ്ച് മിനിറ്റായി മാറും.
ദുബൈയിലെ യാത്രാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനുള്ള 404 മില്ല്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുന്ന സാഹചര്യത്തിലാണ് എയർപോർട്ട് റോഡ് നവീകരണം നടപ്പാക്കുന്നത്. 2020 ഒാടെ 9.2 കോടി യാത്രക്കാർ ദുബൈ വിമാനത്താവളം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 5000 വാഹനങ്ങളെക്കൂടി ഉൾക്കൊള്ളാൻ എയർപോർട്ട് റോഡിന് കഴിയും.
മുഹമ്മദ് ബിൻ റാശിദ് ഇൻറർചേഞ്ച് മുതൽ കാസാബ്ലാൻക ഇൻറർചേഞ്ച് വരെ യാത്രചെയ്യാനുള്ള സമയം അരമണിക്കൂറിൽ നിന്ന് അഞ്ച് മിനിറ്റായി കുറയുമെന്ന് ആർ.ടി.എ. ബോർഡ് ഒാഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് െചയർമാനും ഡയറക്ടർ ജനറലുമായി മത്താർ അൽ തായർ പറഞ്ഞു. കാസാബ്ലാൻക ഇൻറർസെക്ഷനിലെ പുതിയ പാലം ഇൗ മാസം പകുതിയോടെ പൂർത്തിയാകും. എമിറേറ്റ് എയർലൈൻ ആസ്ഥാന മന്ദിരത്തിന് എതിർവശമുള്ള മേൽപാലം നിർമാണം അടുത്തമാസം തുറക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.