ദുബൈ: എല്ലാവിഭാഗം ജനങ്ങളും ഏറെ ഇഷ്ടപ്പെടുന്ന ദുബൈ നഗരത്തിെൻറ സ്ഥാനം ആഗോള സാംസ്കാരിക രംഗത്ത് കൂടുതൽ ഉയർത്താനും സർഗധനരായ ആഗോള കലാസാംസ്കാരിക പ്രതിഭകളെ ആകർഷിക്കാനുമായി ദുബൈ കൾചറൽ വിസ സംവിധാനമൊരുക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച കലാകാരന്മാർ, ശിൽപികൾ, ചിത്രകാരന്മാർ, അസാമാന്യ പ്രതിഭയുള്ള എഴുത്തുകാർ, ചിന്തകർ, തത്ത്വജ്ഞാനികൾ തുടങ്ങി കലാവൈഭവമുള്ളവർക്ക് 10 വർഷം കാലാവധിയുള്ള കൾചറൽ വിസ നൽകും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2019ൽ ദുബൈയിൽ ആരംഭിച്ച ആദ്യതരത്തിലുള്ള സാംസ്കാരിക വിസ സംരംഭത്തിെൻറ ഭാഗമായാണ് ദുബൈ കൾചർ ആൻഡ് ആർട്സ് അതോറിറ്റി ചൊവ്വാഴ്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കൾചറൽ വിസ ആദ്യമായി പ്രഖ്യാപിച്ചശേഷം 46 രാജ്യങ്ങളിൽനിന്നുള്ള വ്യക്തികളിൽനിന്ന് 261 സാംസ്കാരിക വിസ അപേക്ഷകൾ ദുബൈ കൾചറിന് ലഭിച്ചു. ഈ അപേക്ഷകരിൽ ഭൂരിഭാഗത്തിനും വിസ നൽകിയിട്ടുണ്ട്, ബാക്കിയുള്ളവരുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന എമിറേറ്റിനെ സംസ്കാരത്തിനായുള്ള ഒരു ആഗോളകേന്ദ്രം, സർഗാത്മകതക്കുള്ള ഇൻകുബേറ്റർ, സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള കേന്ദ്രം എന്നിവ ഒരുക്കുന്നതിെൻറ ഭാഗമായാണ് കൾചറൽ വിസ സംരംഭം ആരംഭിച്ചത്. കലാകാരന്മാർക്കൊപ്പം കലാരംഗത്തെ നിക്ഷേപകർ, സംരംഭകർ എന്നിവർക്കും വിസ ലഭിച്ചേക്കും. സർഗാത്മകതക്കും ക്രിയേറ്റർമാർക്കും ഉത്തേജകം പകരുന്ന അന്തരീക്ഷമാണ് ദുബൈ പ്രദാനം ചെയ്യുന്നത്.
അസാധാരണമായ എഴുത്തുകാരെയും കലാകാരന്മാരെയും ക്രിയേറ്റർമാരെയും ആകർഷിക്കുന്നതിലൂടെ ആഗോള സാംസ്കാരിക രംഗത്ത് യു.എ.ഇയുടെ സ്ഥാനം ഉയർത്താൻ ഇതിെൻറ സംഭാവനകൾ സഹായിച്ചിട്ടുണ്ട് -ദുബൈ കൾചർ ഡയറക്ടർ ജനറൽ ഹല ബദ്രി പറഞ്ഞു. മികച്ച അറബ്, അന്തർദേശീയ ക്രിയേറ്റിവ് പ്രതിഭകളുടെ കേന്ദ്രമായി ദുബൈ മാറുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനും യു.എ.ഇയുടെ വികസനത്തിൽ പങ്കാളികളാകുന്നതിനും അവസരങ്ങൾ നൽകുന്നതിനുമുള്ള നേതൃത്വത്തിെൻറ ശ്രമത്തിെൻറ ഭാഗമാണിതെന്നും ഹല ബദ്രി കൂട്ടിച്ചേർത്തു.
ദീർഘകാലം കാലാവധിയുള്ള കൾചറൽ വിസ ലഭിക്കുന്നതോടെ കലാകാരന്മാർക്ക് ദുബൈയിൽ സ്ഥിരതയാർന്ന അടിത്തറ പ്രദാനം ചെയ്യുമെന്നും ഒപ്പം സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലൂടെ എമിറേറ്റിെൻറ വളർച്ച വർധിപ്പിക്കുന്നതിന് സംഭാവന നൽകാനാകുമെന്നും ബദ്രി പറഞ്ഞു. ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് കാരണമാകും. പ്രത്യേകിച്ചും ദുബൈ നഗരത്തിന് ശക്തമായ സാംസ്കാരിക അടിത്തറയും ബുദ്ധിജീവികൾക്കും സൃഷ്ടിപരമായ ആളുകൾക്കും ആകർഷകമായ അവസരങ്ങൾ പ്രദാനംചെയ്യുന്ന വൈവിധ്യമാർന്ന ക്രിയേറ്റിവ് മേഖലകളുണ്ട്. കൂടുതൽ യോഗ്യതയുള്ള വ്യക്തികളെ ഈ വിസ സ്വീകരിക്കാൻ പ്രാപ്തമാക്കുന്നത് എല്ലായ്പോഴും സംരംഭത്തിെൻറ ഭാഗമാണെന്നും ബദ്രി വ്യക്തമാക്കി.
കൾചറൽ വിസ അനുവദിക്കുന്നതിന് ചില നിബന്ധനകളും മാനദണ്ഡങ്ങളുമുണ്ട്. ഇവയെല്ലാം സ്വീകരിക്കാൻ തയാറുള്ളവർക്കാണ് വിസ അനുവദിക്കുന്നത്. രാജ്യത്ത് താമസിക്കാൻ കഴിയുന്ന വർഷങ്ങൾ രേഖപ്പെടുത്തിയിരിക്കണമെന്നതാണ് പ്രധാന നിബന്ധനകളിലൊന്ന്. അറിവുമായി ബന്ധപ്പെട്ടതും സൃഷ്ടിപരമായതുമായ നേട്ടങ്ങളുടെ റെക്കോഡ് സ്വന്തമായുള്ളവരായിരിക്കണം. ഓരോ വിഭാഗത്തിൽപെടുന്നവരും ഓപ്ഷനൽ നിബന്ധനകളും പ്രതിജ്ഞകളും നിറവേറ്റാൻ സന്നദ്ധരായിരിക്കണം. സൃഷ്ടിപരമായ അല്ലെങ്കിൽ, കലാപരമായ കഴിവുകളിൽ യു.എ.ഇയിലെ കമ്യൂണിറ്റിക്ക് 36 മണിക്കൂർ സേവനം നൽകുമെന്ന പ്രതിജ്ഞകൂടി നടത്തണം. ഇവയൊക്കെയാണ് പ്രധാന മാനദണ്ഡങ്ങൾ. ഇമാറാത്തി സ്പോൺസർ ഇല്ലാതെ വിസ ഉടമകൾക്ക് തന്നെ അവരുടെ പെർമിറ്റുകൾ സ്വപ്രേരിതമായി പുതുക്കാൻ കഴിയുമെന്നതാണ് കൾചറൽ വിസയുടെ മറ്റൊരു പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.