ഷാര്‍ജ: ഇന്ന് അത്തം പതിനൊന്ന്. ചിങ്ങമാസത്തിലെ തിരുവോണം. മലയാളിയുടെ മണ്ണിലും മനസിലും നന്‍മകളുടെ പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്ന സുദിനം. പച്ചയണിഞ്ഞ നാട്ടില്‍ നിന്ന് ജീവിതം പച്ച പിടിപ്പിക്കാന്‍ വന്ന ലക്ഷകണക്കിന് മലയാളികള്‍ ഇന്ന് ആഘോഷത്തിന്‍െറ ആരാമത്തിലേക്ക്. അവധി കിട്ടിയവര്‍ തിരുവോണം അനുഭവിച്ച് ആഘോഷിക്കുമ്പോള്‍ കിട്ടാത്തവരുടെ മനസ് നിറയെ പൊന്നോണം തന്നെ. നന്‍മകള്‍ മാത്രം പൂവിട്ട ആ നല്ലകാലം തിരിച്ച് വരാനുള്ള പ്രാര്‍ഥനയാണ് ഓരോ പൂവിളിയും. പ്രാവസത്തില്‍ ജീവിക്കുന്ന ബഹുഭൂരിപക്ഷത്തിനും സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും അതിന്‍െറ ആഴം അതിവിശാലമാണ്. നാട്ടിലെ ആയിരം രൂപക്കടുത്തായിരുന്നു ഉത്രാട ദിവസം വിപണിയില്‍ പൂക്കളുടെ വില. തെച്ചി, മന്ദാരം, ചെട്ടി തുടങ്ങിയ പൂക്കള്‍ കളമിടാന്‍ എത്തിയപ്പോള്‍ തലയില്‍ ചൂടാന്‍ മുല്ലപൂക്കളും ധാരാളം എത്തിയിരുന്നു. മഞ്ഞ, ചുവപ്പ് വര്‍ണങ്ങളിലാണ് ചെട്ടിപ്പൂവത്തെിയത്. വിലയൊന്നും വകവെക്കാതെയാണ് മലയാളികള്‍ പൂവാങ്ങാനത്തെിയത്.
പൂവാങ്ങുന്നവരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഇതര രാജ്യക്കാരെയും കാണാനായി. ഉത്രാട ദിവസം ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പായസ വിപണി സജീവമായിരുന്നു.
അടപ്രഥമന്‍, അരി പായസം, ചക്ക പായസം, സേമിയ പായസം, പാലട പ്രഥമന്‍, ഈത്തപ്പഴ പായസം തുടങ്ങിയവ ധാരാളമായി വിറ്റ് പോയതായി സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. കൂട്ടത്തില്‍ വിലയില്‍ കേമന്‍ ചക്ക പായസം തന്നെയായിരുന്നു. കിലോക്ക് 30 ദിര്‍ഹത്തിനടുത്തായിരുന്നു വില.
ഒരു കിലോ യഥാര്‍ഥ ചക്കയുടെ വില 25 ദിര്‍ഹവുമായിരുന്നു. ഇടാന്‍ ആളില്ലാത്തതിനാല്‍ ചക്കയെല്ലാം മഴ നനഞ്ഞ് നാശമായി എന്ന നാട്ടില്‍ നിന്ന് വരുന്ന സ്ഥിരം ഫോണ്‍ സന്ദേശമായിരുന്നു ചക്ക വാങ്ങാന്‍ പോയവരുടെ മനസില്‍.
കസവുടയാടകള്‍ക്ക് ഉത്രാട ദിവസവും ആവശ്യക്കാരേറെ എത്തി.
സാമ്പാറിനുള്ള പച്ചക്കറികള്‍ മുറിച്ച് കവറിലാക്കി ഉപഭോക്താക്കള്‍ സൗകര്യം ഒരുക്കിയ സ്ഥാപനങ്ങളും അനവധി.
നാക്കിലയുടെ വില അര ദിര്‍ഹത്തിന് മുകളിലേക്ക് പോയില്ല. പായസം, സാമ്പാര്‍, രസം തുടങ്ങിയവക്കുള്ള ചേരുവകള്‍ക്ക് അതിശയിപ്പിക്കുന്ന വിലക്കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.