ദുബൈ: ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, നഴ്സിങ് കഴിഞ്ഞവർക്കും വിദ്യാർഥികൾക്കും യു.എ.ഇയിൽ നിന്നൊരു ആശ്വാസ വാർത്ത. യു.എ.ഇയിലെ നഴ്സ് ലൈസൻസിന് അപേക്ഷിക്കാൻ ഇനി പ്രവൃത്തിപരിചയം ആവശ്യമില്ല. ഇതുവരെ യു.എ.ഇയിൽ നഴ്സ് ലൈസൻസ് ലഭിക്കാനുള്ള ആരോഗ്യ വകുപ്പിന്‍റെ എഴുത്തുപരീക്ഷക്ക് ഹാജരാകണമെങ്കിൽ നിശ്ചിത വിദ്യാഭ്യാസ യോഗ്യതക്കൊപ്പം രണ്ടുവർഷത്തെ പ്രവൃത്തിപരിചയം കൂടി വേണമായിരുന്നു. മലയാളികളടക്കം ഒട്ടേറെ യുവ നഴ്സുമാരുടെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന പുതിയ തീരുമാനം ആരോഗ്യ വകുപ്പിന്‍റെ പുതുക്കിയ പ്രഫഷണൽ ക്വാളിഫിക്കേഷൻ റിക്വയർമെന്റ്സിലാണ് (പേജ് 70) ഉൾപ്പെടുത്തിയിരിക്കുന്നത്. വിശദവിവരങ്ങൾ www.doh.gov.ae/en/pqrൽ ലഭ്യമാണ്. രജിസ്ട്രേഡ് നഴ്സ്, അസിസ്റ്റന്‍റ് നഴ്സ് വിഭാഗങ്ങൾക്കാണ് പ്രവൃത്തിപരിചയം ആവശ്യമില്ലാത്തത്. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻമാർ, ടെക്നോളജിസ്റ്റുമാർ എന്നിവർക്കും പ്രവൃത്തിപരിചയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. നഴ്സുമാർക്ക് ഇന്ത്യയിലെ അംഗീകൃത ബിരുദവും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും മികച്ച സ്വഭാവ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ യു.എ.ഇ ആരോഗ്യവകുപ്പിന്‍റെ പരീക്ഷയെഴുതാം. മെഡിക്കൽ ജീവനക്കാർക്ക് ലൈസൻസ് നൽകുന്ന ആരോഗ്യ മന്ത്രാലയം, അബൂദബി ആരോഗ്യ വകുപ്പ്, ദുബൈ ഹെൽത്ത് അതോറിറ്റി, ഷാർജ ഹെൽത്ത് അതോറിറ്റി എന്നിവയുടെല്ലാം പരീക്ഷകൾക്ക് പുതിയ ഇളവ് ബാധകമാണ്.
അതേസമയം, പ്രാക്ടീസിൽ മുടക്കം വരുത്തിയവർ (Discontinuity of Practice) പാലിക്കേണ്ട നിബന്ധനകൾ രജിസ്ട്രേഡ് നഴ്സ്, അസിസ്റ്റന്‍റ് നഴ്സ് ഇളവുകളിൽ ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. നഴ്സിങ് പാസായ ശേഷം രണ്ട് വർഷത്തിൽ കൂടുതൽ ജോലിയിൽ നിന്ന് വിട്ടുനിന്നവർ ഈ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. നഴ്സിങ് പാസായി പ്രവൃത്തിപരിചയത്തിൽ രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനുമിടയിൽ വിടവ് വന്നിട്ടുണ്ടെങ്കിൽ അവർ നാല് മാസത്തെ പരിശീലനം പൂർത്തിയാക്കുകയും 20 സി.എം.ഇ (കണ്ടിന്യൂയിങ് മെഡിക്കൽ എജുക്കേഷൻ) അല്ലെങ്കിൽ സി.പി.ഡി (കണ്ടിന്യൂയിങ് പ്രഫഷണൽ ഡവലപ്മെന്റ്) ക്രഡിറ്റ് നേടുകയും വേണം. മൂന്നു വർഷത്തിനും നാല് വർഷത്തിനുമിടയിലാണ് വിടവ് വന്നതെങ്കിൽ ആറുമാസത്തെ പരിശീലനവും 40 സി.എ.ഇ/സി.പി.ഡി ക്രഡിറ്റും വേണം. നാല് വർഷത്തിനും അഞ്ച് വർഷത്തിനുമിടയിലാണ് വിടവ് വന്നതെങ്കിൽ എട്ട് മാസത്തെ പരിശീലനവും 60 സി.എ.ഇ/സി.പി.ഡി ക്രഡിറ്റും വേണം. ഇവർ തങ്ങളുടെ രാജ്യത്തെ ഏറ്റവും പുതിയ രണ്ട് വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. അഞ്ച് വർഷത്തിൽ കൂടുതൽ വിടവ് വന്നവർക്ക് യു.എ.ഇയിലെ ആരോഗ്യവിഭാഗത്തിന്‍റെ പരീക്ഷ എഴുതാൻ സാധിക്കില്ല.
സ്കൂൾ നഴ്സ് വിഭാഗത്തിന് രജിസ്റ്റേർഡ് നഴ്സായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. കൂടാതെ, അംഗീകാരമുള്ള പീഡിയാട്രിക് അഡ്വാൻസ്ഡ് ചൈൽഡ് സപോർട്ട് (പി.എ.എൽ.എസ്) വേണം. പീഡിയാട്രിക് ഐ.സി.യു, എമർജൻസി വിഭാഗങ്ങളിലാണ് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണ്ടത്. നഴ്സ് പ്രാക്ടീഷണർ വിഭാഗത്തിനും രണ്ടുവർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.