ദുബൈ: നഗരത്തിൽ മുഴുസമയ സേവനം ഉറപ്പാക്കി ദുബൈ പൊലീസിന്റെ 33 സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ(എസ്.പി.എസ്). 24 മണിക്കൂറും മനുഷ്യ ഇടപെടലില്ലാതെ വിവിധ സേവനങ്ങൾ സ്റ്റേഷനിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ക്രിമിനൽ റിപ്പോർട്ടുകൾ, പരാതികൾ, ട്രാഫിക് സേവനങ്ങൾ, അപകട റിപ്പോർട്ടുകൾ, സർട്ടിഫിക്കറ്റുകളും അനുമതികളും, കമ്മ്യൂണിറ്റി സേവനങ്ങളും ഉൾപ്പെടെ നാല് പ്രധാന വിഭാഗങ്ങളിലായി 32 സേവനങ്ങൾ എസ്.പി.എസ് വഴി ലഭ്യമാണ്.
ബഹുഭാഷാ സൗകര്യമുള്ള സ്മാർട്ട് സ്റ്റേഷനുകൾ വഴി ഉപഭോക്താക്കൾക്ക് വീഡിയോ കോളിലൂടെ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരാതികൾ നൽകാനും രേഖകൾ ഇലക്ട്രോണിക് ആയി ഒപ്പിടാനും സാധിക്കും. ഇതിലൂടെ പൊലീസ് സ്റ്റേഷനുകളിൽ നേരിട്ട് എത്തേണ്ട സാഹചര്യം ഒഴിവാക്കാനാകും. ക്രിമിനൽ പരാതികൾ, ബൗൺസ് ചെയ്ത ചെക്ക് റിപ്പോർട്ട്, സൈബർക്രൈം പരാതി, ക്രിമിനൽ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ്, ലോസ് സർട്ടിഫിക്കറ്റ്, ‘ടു ഹും ഇറ്റ് മേ കൺസേൺ’ സർട്ടിഫിക്കറ്റ്, ട്രാഫിക് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ട്രാഫിക് സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ റോഡ് ക്ലോസർ പെർമിറ്റ്, സെയിലിങ് പെർമിറ്റ്, പൊലീസ് മ്യൂസിയം സന്ദർശന പെർമിറ്റ്, തടസം സൃഷ്ടിക്കുന്ന വാഹനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട്, ഡിപ്ലോമാറ്റിക് സേവനങ്ങൾ തുടങ്ങിയവയും ലഭ്യമാണ്.
‘പൊലീസ് ഐ’ പോലുള്ള കമ്മ്യൂണിറ്റി സേവനങ്ങൾ വഴി പൊതുജനങ്ങൾക്ക് സംശയാസ്പദമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും സാധിക്കും. സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾക്കൊപ്പം ഡ്രൈവ്–ത്രൂ, വാക്ക്-ഇൻ, സബർബൻ പൊലീസ് പോയിന്റുകൾ എന്നിവയും 24 മണിക്കൂറും പ്രവർത്തിക്കുന്നതായി ദുബൈ പൊലീസ് വ്യക്തമാക്കി.
ദുബൈയെ ലോകത്തെ ഏറ്റവും സ്മാർട്ട് നഗരമാക്കാനുള്ള യു.എ.ഇയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾക്ക് തുടക്കം കുറിച്ചത്. മനുഷ്യ ഇടപെടലില്ലാതെ പ്രവർത്തിക്കുന്ന ആദ്യ പൊലീസ് സേവന സംവിധാനമായി ഇത് ഗിന്നസ് വേൾഡ് റെക്കോർഡും നേടിയിട്ടുണ്ട്.
ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിലെ ‘20 മിനിറ്റ് സിറ്റി’ ലക്ഷ്യത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതുവഴി സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുന്നതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.